ADVERTISEMENT

കൊച്ചി ∙ പ്രാർഥനാപൂർവം നോക്കുന്നൊരു ശിശുവിനെപ്പോലെയാണ് ഇപ്പോൾ അജീഷ് പോളിന്റെ മുഖം. സാധാരണജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രത്യാശയിലാണ് അജീഷും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരും. മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്തതിനെത്തുടർന്ന് കല്ലുകൊണ്ടു തലയ്ക്കടിയേറ്റ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ ആലുവ രാജഗിരി ആശുപത്രിയിൽ അപകടാവസ്ഥ തരണം ചെയ്തുകഴിഞ്ഞു.

മറയൂർ സ്റ്റേഷനിലെ സഹപ്രവർത്തകരോടു കഴിഞ്ഞ ദിവസം വിഡിയോ കോളിലൂടെ ബന്ധപ്പെട്ടെങ്കിലും അജീഷിനു പേരുകളും സംഭവങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ല. സംസാരശേഷി വീണ്ടെടുക്കാനുള്ള ‘സ്പീച്ച് തെറപ്പി’ തുടങ്ങിക്കഴിഞ്ഞു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ചികിത്സകൾ തുടരുന്നതായി ഡോക്ടർമാർ പറയുന്നു. ഫിസിയോതെറപ്പിയുമുണ്ട്.

തലച്ചോറിന്റെ ഇടതുഭാഗത്ത്, സംസാരശേഷി നിയന്ത്രിക്കുന്നിടത്താണു മാരകപ്രഹരമേറ്റത്. ‘സ്പീച്ച് സെന്റർ’ എന്ന ഭാഗമാണ് ആശയങ്ങളെയും ചിന്തകളെയും വാക്കുകളായി പ്രകടിപ്പിക്കാൻ സഹായിക്കുന്നത്. വലതുകൈകാലുകൾ ചലിപ്പിക്കാൻ അജീഷിനു സാധിക്കുന്നുണ്ട്. മുറിക്കകത്തു പിടിച്ചുനടക്കാനും തുടങ്ങി. വാഹനാപകടത്തിൽ സംഭവിക്കാറുള്ളതിനേക്കാൾ മാരകമായിരുന്നു തലയോട്ടിയുടെ ഇടതുവശത്തെ അവസ്ഥ. തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു.

വലതുകൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് അരമണിക്കൂറിനകം ശസ്ത്രക്രിയ തുടങ്ങിയതു ഗുണകരമായി. 6 മണിക്കൂർ ശസ്ത്രക്രിയ, തുടർന്നു വെന്റിലേറ്റർ. ജീവൻ നിലനിർത്തുക എന്ന വെല്ലുവിളി തരണം ചെയ്തു. ചലനശേഷി മെച്ചപ്പെടുത്തുക, സംസാരശേഷി വീണ്ടെടുക്കുക എന്നിവയാണ് ലക്ഷ്യമെന്ന് രാജഗിരി ന്യൂറോസർജറി  തലവൻ ഡോ. ജഗത് ലാ‍ൽ, ഡോ. ജോ മാർഷൽ ലിയോ, ഡോ. മനോജ് നാരായണപ്പണിക്കർ എന്നിവർ പറയുന്നു.

English Summary: Ajish Paul recovering at hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com