ADVERTISEMENT

തിരുവനന്തപുരം ∙ 100 ദിവസത്തിനുള്ളിൽ വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 20 ലക്ഷം പേർക്കു തൊഴിലവസരം നൽകുന്ന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആയിരത്തിൽ 5 പേർക്കു തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയുടെ കരട് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കാഷ്യൂ ബോർഡ്  8000 ടൺ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. ഇവ ഉൾപ്പെടെ ഇന്നലെ മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കുന്ന 100 ദിന പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പുരോഗതി 100 ദിവസം കഴിഞ്ഞ്  അറിയിക്കും. മരാമത്ത്, റീബിൽഡ് കേരള ഇനീഷ്യേറ്റിവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടിയുടെ പരിപാടികളാണു നടപ്പാക്കുക.

10,000 വീട്

∙ലൈഫ് മിഷനിൽ 10,000 വീട് ∙സാമ്പത്തിക പ്രത്യാഘാതം അനുഭവിക്കുന്ന ദുർബല വിഭാഗങ്ങൾക്ക് 20,000 ഏരിയ ഡവലപ്മെന്റ് സൊസൈറ്റി വഴി 200 കോടിയുടെ ധനസഹായം

ഭൂനികുതിക്ക്  ആപ്പ്

∙ ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ∙ തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി റജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരിക്കും.∙ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയയ്ക്കാൻ ഓൺലൈൻ മോഡ്യൂൾ ∙വില്ലേജ് ഓഫിസുകളിലെ മുഴുവൻ സേവനങ്ങളും ഒക്ടോബർ രണ്ടിനകം ഓൺലൈനാക്കും 

50,000 ലാപ്ടോപ്

∙ വിദ്യാശ്രീ പദ്ധതിയിൽ 50,000 ലാപ്ടോപ് നൽകും ∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ്, ഭക്ഷ്യ കിറ്റായി നൽകും ∙ നിർധന വിദ്യാർഥികൾക്ക് സ്മാർട് ഫോൺ നൽകുന്നതിനു ഒരാൾക്ക് 10,000 രൂപ നിരക്കിൽ പലിശരഹിത വായ്പ ∙ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസിന്റെ തുടർച്ചയായി അധ്യാപകരുടെ നേരിട്ടുള്ള ഓൺലൈൻ ക്ലാസുകൾ.

പ്രവാസികൾക്ക് 100 കോടി വായ്പ; ഒരാൾക്ക് 25 ലക്ഷം – 2 കോടി

തിരുവനന്തപുരം ∙ ബിപിഎൽ വിദ്യാർഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം അടുത്ത 100 ദിവസത്തിനകം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

100 ദിന പരിപാടികളുടെ ഭാഗമായ മറ്റു പ്രഖ്യാപനങ്ങൾ: ∙ മടങ്ങിയെത്തിയ പ്രവാസികൾക്കായി കെഎസ്ഐഡിസി വഴി  100 കോടിയുടെ വായ്പാ പദ്ധതി. ഒരാൾക്ക് 25 ലക്ഷം മുതൽ 2 കോടി വരെ വായ്പ. ∙ തീരദേശ ഷിപ്പിങ് സർവീസ് ബേപ്പൂരിൽ നിന്നു കൊച്ചി വരെയും കൊല്ലത്തു നിന്നു കൊച്ചി വരെയും.∙ കെഎസ്ആർടിസി ബസിലെ യാത്രക്കാരെ സ്റ്റാൻഡുകളിൽ നിന്നു വീടുകളിൽ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാ ഫീഡർ സർവീസ്. ∙പിഎസ്‌സിക്കു നിയമനം കൈമാറിയ സ്ഥാപനങ്ങൾക്കായി സ്പെഷൽ റൂൾ ∙ജിഎസ്ടി വകുപ്പിൽ അധികമായ ഇരുനൂറോളം തസ്തികകൾ തദ്ദേശ വകുപ്പിൽ സൃഷ്ടിച്ച് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. 

ഭവന നിർമാണം

308 പുനർഗേഹം വ്യക്തിഗത വീടുകൾ കൈമാറും. 303 പുനർഗേഹം ഫ്ലാറ്റുകൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഉദ്ഘാടനം ചെയ്യും. തൃശൂർ പഴയന്നൂരിൽ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുളള ഭവന സമുച്ചയം കൈമാറും. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 250 പഞ്ചായത്തുകളിൽ മത്സ്യക്കൃഷി. പട്ടികജാതി വകുപ്പ് 1000 വീടുകളുടെ നിർമാണം പൂർത്തീകരിക്കും.

വനം

465 ആദിവാസി കോളനികളിലും സമീപ പ്രദേശത്തും 10,000 വൃക്ഷത്തൈ നടും. മൂന്നാർ കുറിഞ്ഞിമലയിൽ 10,000 കുറിഞ്ഞിത്തൈ വച്ചു പിടിപ്പിക്കും. 14 ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടങ്ങൾ, 15 ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങൾ എന്നിവയുടെ നിർമാണം. 7 നഗരവനങ്ങൾ. 22 സ്ഥലങ്ങളിൽ വിദ്യാവനം.

English Summary:  77,350 jobs in next 100 days: Kerala CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com