മാർട്ടിന്റേത് ആഢംബര ജീവിതം, വരുമാന സ്രോതസ് അന്വേഷിക്കും; കൂടുതൽ പരാതി

martin
മാർട്ടിൻ ജോസഫിനെ വൈദ്യപരിശോധനയ്ക്ക് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്നു കൊണ്ടുപോകുന്നു. ചിത്രം: മനോരമ
SHARE

കൊച്ചി∙ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിനിയായ ഇരുപത്തേഴുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി മാർട്ടിൻ ജോസഫ് കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണോ എന്ന അന്വേഷണവുമായി പൊലീസ്. മാർട്ടിനെതിരെ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികളുള്ളവർ സിറ്റി പൊലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടുള്ള നോട്ടിസും പൊലീസ് പുറത്തിറക്കി.

മാർട്ടിൻ ആഡംബര ജീവിതമാണു നയിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുള്ള വരുമാനം എവിടെനിന്നെന്നതു സംബന്ധിച്ചുള്ള ധാരണയില്ല. ഇതാണു  മാർട്ടിന്റെ ജീവിതരീതി, വരുമാന മാർഗം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചു വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനത്തിനു പിന്നിൽ.  ഇയാൾ ഉൾപ്പെട്ട സംഘം കൂടുതൽ പെൺകുട്ടികളെ ഇരകളാക്കിയിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.

നിലവിൽ മറ്റൊരു യുവതി കൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ദുരൂഹമായ സാഹചര്യങ്ങളിൽ നിന്നുള്ളയാളായിട്ടും മാർട്ടിനെതിരെ ഇത്ര കാലം മറ്റൊരു പരാതിയോ കേസോ ഇല്ലാത്തത് അന്വേഷണ സംഘത്തെ അമ്പരിപ്പിക്കുന്നു. തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ പുലർച്ചെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചത്. തുടർന്നു പ്രതിയെ പീഡനം നടന്ന മറൈൻ ഡ്രൈവിലെ പുറവങ്കര ഫ്ലാറ്റിലെത്തിച്ചു പൊലീസ് തെളിവെടുപ്പു നടത്തി. ഇവിടെ വച്ചു മാർട്ടിൻ മാധ്യമങ്ങൾക്കു മുന്നിൽ കുറ്റം നിഷേധിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും മാർട്ടിൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. 

ഫ്ലാറ്റിലെ കെയർ ടേക്കർ, സെക്യൂരിറ്റി എന്നിവർ പ്രതിയെ തിരിച്ചറിഞ്ഞു. ഉച്ചയോടെ വൈദ്യപരിശോധന നടത്തി. വൈകിട്ടു വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. 23 വരെ ഇയാളെ റിമാൻഡ് ചെയ്തു. പ്രതിയെ  ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഒളിവിൽ കഴിഞ്ഞ കാക്കാനാട്ടെ ഫ്ലാറ്റിലും തൃശൂരിലെ ഒളിയിടങ്ങളിലും തെളിവെടുപ്പിനു കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തൃശൂർ പാവറട്ടി വെൺമനാട് പറക്കാട്ട് ധനീഷ് (29), പുത്തൂർ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി (28) എന്നിവർക്കെതിരെ പ്രതിയെ സഹായിച്ച കുറ്റം ചുമത്തിയതായി കമ്മിഷണർ പറഞ്ഞു. ഇതിൽ ശ്രീരാഗ് മുൻപ് കഞ്ചാവു കേസിൽ പ്രതിയാണ്. മാർട്ടിൻ ജോസഫ് രക്ഷപ്പെടാൻ ശ്രമിച്ച ഒരു സ്വിഫ്റ്റ് കാർ, ബിഎംഡബ്ല്യു കാർ, രണ്ടു ബൈക്കുകൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു കമ്മിഷണർ അറിയിച്ചു. 

അന്വേഷണത്തിലെ അദ്യഘട്ട വീഴ്ച പരിശോധിക്കുമെന്നു കമ്മിഷണർ

കൊച്ചി∙ പരാതി കിട്ടിയ സമയത്തു കേസന്വേഷണത്തിൽ വീഴ്ച വന്നതിനെക്കുറിച്ചു പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ മാധ്യമപ്രവർത്തകരോടു സൂചിപ്പിച്ചു. എസിപിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങിയതായും കമ്മിഷണർ പറഞ്ഞു. ഇത്ര ഗൗരവതരമായ കേസ് ഉന്നതോദ്യോഗസ്ഥരെ അറിയിക്കാത്തതു വീഴ്ചയാണ്. മാധ്യമ വാർത്തകളെ തുടർന്നാണു കേസിന്റെ ഗൗരവം മനസിലാക്കിയത്. പരാതി ലഭിച്ചപ്പോൾ തന്നെ കേസ് റജിസ്റ്റർ ചെയ്തു പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ വിജയിച്ചില്ല. 

  അറസ്റ്റിനായി ഇപ്പോൾ നടത്തിയ വിപുലമായ ശ്രമം ആദ്യഘട്ടത്തിൽ ഉണ്ടായില്ല. എന്നാൽ, നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നു.  പ്രതിയുടെ പാസ്പോർട് പിടിച്ചെടുക്കുകയും ജാമ്യാപേക്ഷ എതിർത്തു കോടതിയിൽ പോകുകയുമെല്ലാം പൊലീസ് ചെയ്തു. സെഷൻസ് കോടതിയിൽ ജാമ്യം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചപ്പോഴും പ്രതിക്കെതിരായ നിലപാടാണു പൊലീസ് സ്വീകരിച്ചത്. പ്രതി രാജ്യം വിടാതിരിക്കാൻ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതും പൊലീസ് പ്രതിക്കു പിന്നാലെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്നും കമ്മിഷണർ പറഞ്ഞു.

English Summary: Flat rape case Kochi: Investigation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA