ADVERTISEMENT

ഏറ്റുമാനൂർ ∙ പഞ്ചായത്ത് കരാർ ജീവനക്കാരനെ ആക്രമിച്ച ഗുണ്ടാ സംഘാംഗങ്ങളെ തേടി ഒളിത്താവളത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സംഘത്തലവൻ ആക്രമിച്ചു. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടും പതാറാതെ പൊലീസ് സംഘത്തലവനെ കീഴ്പ്പെടുത്തി. 

ഇതിനിടെ മറ്റു പ്രതികൾ ഓടി രക്ഷപെട്ടു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒമാരായ എ.എസ്. അനീഷ്, ടി.പി. രാജേഷ് എന്നിവർക്കു പരുക്ക്. ഇവരെ ആക്രമിച്ച കോട്ടമുറി പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. 

അച്ചു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച അതിരമ്പുഴ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരൻ പുന്നത്തുറ വെസ്റ്റ് കൊറ്റോട്ട് കെ.എസ്. സുരേഷിനെ (49) ആക്രമിച്ചത്. അലക്സ് പാസ്കൽ, അനുജിത്ത് കുമാർ, മെൽവിൽ ജോസഫ്, രാഹുൽ എന്നിവരാണു പ്രതികളെന്നു പൊലീസ് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. സംഘ നേതാവ് അച്ചു സുരേഷിനെ ആക്രമിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്നില്ല. എന്നാൽ ആക്രമണ ശേഷം പ്രതികൾ അച്ചുവിന്റെ സംരക്ഷണത്തിലായിരുന്നു. 

പ്രതികൾ കോട്ടമുറി കോളനിയിൽ ഉണ്ടെന്നു ഇന്നലെ പൊലീസിനു വിവരം ലഭിച്ചു. 

6.45ന് 10 അംഗ പൊലീസ് സംഘം കോളനിയിൽ എത്തി. ബൈക്കിലാണു അനീഷും രാജേഷും എത്തിയത്. പൊലീസിനെ കണ്ട പ്രതികൾ ഓടി.  പിന്നാലെ ഓടിയ അനീഷിനെയും രാജേഷിനെയും അച്ചു സന്തോഷ് തടഞ്ഞു. ജിമ്മിൽ ഉപയോഗിക്കുന്ന ഇരുമ്പ് ബാർ കൊണ്ട് തലയ്ക്ക് അടിച്ചു.  

അനീഷും രാജേഷും ധരിച്ചിരുന്ന ഹെൽമറ്റ് തകർന്നു. ഇതിനിടെ അനീഷും രാജേഷും അച്ചു സന്തോഷിനെ കീഴ്പ്പെടുത്തി  വിലങ്ങ് വച്ചതായി സിഐ പി.കെ. മനോജ് കുമാർ പറഞ്ഞു.  അനീഷിന്റെ തോളെല്ലിനു പൊട്ടലും, രാജേഷിന്റെ കൈക്കു മുറിവുമുണ്ട്.

 ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ചു കഞ്ചാവ് കേസിലെ പ്രതികളെ മോചിപ്പിച്ച കേസ്, കൊലപാതക ശ്രമം ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതിയാണ് അച്ചു സന്തോഷ്. കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

English Summary: Goon attacked police in Kottayam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com