ADVERTISEMENT

കൊച്ചി ∙ ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ. ആർ.ലീലയെ ഹൈക്കോടതി നിയമിച്ചു. റെയിൽവേയും സർക്കാരും ഉൾപ്പെടെ എതിർകക്ഷികൾക്ക് സത്യവാങ്മൂലം നൽകാൻ 4 ആഴ്ച അനുവദിച്ചു. 

ഗുരുവായൂർ - പുനലൂർ എക്സ്പ്രസിൽ യാത്രക്കാരി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നു സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. അക്രമിയിൽ നിന്നു രക്ഷപ്പെടാൻ ട്രെയിനിൽ നിന്നു ചാടിയ മുളന്തുരുത്തി സ്വദേശിനിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാകരുതെന്നു കോടതി വാദത്തിനിടെ പറഞ്ഞു. 

നിർഭയ കേസിനു ശേഷം പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മോട്ടർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. അടിയന്തര ഘട്ടങ്ങളിൽ അപായ ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന ശുപാർശ റെയിൽവേയുടെ മുന്നിൽ ഇല്ലേ എന്നു ചോദിച്ച കോടതി, ഇക്കാര്യത്തിൽ നിലപാട് ആരാഞ്ഞു.

സർക്കാർ പറഞ്ഞത്

മുളന്തുരുത്തി സംഭവത്തിൽ പ്രതിയെ പിടികൂടിയതായി സർക്കാർ അറിയിച്ചു. റെയിൽവേ ബോർഡിന്റെ നിയന്ത്രണത്തിൽ ആർപിഎഫും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ ഗവൺമെന്റ് റെയിൽവേ പൊലീസും നിലവിലുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതു ഗവൺമെന്റ് റെയിൽവേ പൊലീസ് ആണ്.

എന്നാൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ റെയിൽവേ ബോർഡ് പരിഗണിക്കേണ്ടതാണ്. പല സ്റ്റേഷനുകളിലും സിസിടിവി പ്രവർത്തിക്കുന്നില്ല. സൗമ്യ കൊലക്കേസിനെ തുടർന്ന് ട്രെയിനിലെ സുരക്ഷയ്ക്ക് 200 പൊലീസുകാരെ നിയമിക്കാൻ സംസ്ഥാനം നൽകിയ ശുപാർശ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടില്ല.

English Summary: HC on women safety in train

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com