മരംമുറി: വിവാദത്തിൽ ഇടപെട്ട് സിപിഐ; ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കണം

muttil
SHARE

തിരുവനന്തപുരം ∙ വിവാദ മരംമുറി ഫലപ്രദമായി അന്വേഷിക്കണമെന്നു ബന്ധപ്പെട്ട വകുപ്പുകൾ കയ്യാളിയിരുന്ന സിപിഐ ആവശ്യപ്പെട്ടു. സിപിഎം– സിപിഐ ആശയവിനിമയത്തിന്റെ കൂടി അടിസ്ഥാനത്തിലാണു സംയുക്ത അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

റവന്യു, വനം വകുപ്പുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഭരിച്ചതു സിപിഐ ആയിരുന്നു. ചില ഉദ്യോഗസ്ഥരാണ് പ്രതികൾ എന്ന നിലപാടിലാണു പാർട്ടി. സദുദ്ദേശ്യപരമായി റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിന്റെ മറവിൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിച്ചെങ്കിൽ അന്വേഷിക്കട്ടെ എന്ന വിലയിരുത്തലാണു പാർട്ടിക്ക്. മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, മുൻ വനം മന്ത്രി കെ.രാജു എന്നിവർ പറയാനുള്ളതു സിപിഐ നേതൃത്വത്തെ അറിയിച്ചു. ഇവരിൽ നിന്ന് വിശദീകരണം തേടിയിട്ടില്ലെന്നു നേതാക്കൾ വ്യക്തമാക്കി.

പട്ടയഭൂമിയിലെ മരം ഉടമകൾക്ക് മുറിക്കാൻ അനുവാദം നൽകാത്തതിനെതിരെ കർഷക സംഘടനകൾ ഉൾപ്പെടെ ഉയർത്തിയ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ സിപിഐക്കുള്ളിൽ ചർച്ച ചെയ്തശേഷമാണു റവന്യു വകുപ്പ് വിവാദ ഉത്തരവ് ഇറക്കിയത്. എൽഡിഎഫിന്റെ രാഷ്ട്രീയ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് എന്നതിനാൽ മന്ത്രി ചന്ദ്രശേഖരനെ സിപിഐ പഴിക്കുന്നില്ല. 

എന്നാൽ, ഉത്തരവിൽ പഴുതുകളുണ്ടായി എന്നു പിന്നീടു ബോധ്യപ്പെട്ടു. ഇതേ തുടർന്ന് റദ്ദാക്കിയതും പാർട്ടി ചർച്ച ചെയ്തിട്ടാണെന്ന് നേതാക്കൾ പറയുന്നു. 

നിയമവകുപ്പിന്റെ പരിശോധന കൂടാതെ ഉത്തരവ് ഇറക്കിയത് അടക്കമുള്ള കാരണങ്ങളും തടി കൊണ്ടു പോകാനായി പിന്നീട് വനം വകുപ്പിന്റെ പാസ് ലഭിച്ചതും അന്വേഷിക്കട്ടെ എന്ന നിലപാടിലാണു സിപിഐ.

ഇത്തവണത്തെ വകുപ്പ് വിഭജനത്തിൽ വനം സിപിഐ വിട്ടു കൊടുത്തു. അത് ഏറ്റെടുത്ത എൻസിപിയുടെ എ.കെ. ശശീന്ദ്രൻ നടന്നതൊന്നും തന്റെ കാലത്തല്ല എന്ന നിലയിൽ കുത്തിയതു സിപിഐക്ക് ഇഷ്ടപ്പെട്ടിട്ടില്ല. റവന്യു വകുപ്പിലാണ് വീഴ്ചയുണ്ടായത് എന്ന സൂചനയാണ് ശശീന്ദ്രൻ നൽകിയതും. ഇതേ തുടർന്നാണു മുൻമന്ത്രി ചന്ദ്രശേഖരൻ ഉത്തരവിന്റെ പശ്ചാത്തലം ആവർത്തിച്ചു വിശദീകരിക്കുന്നത്. 

ഭരണത്തിൽ സുതാര്യത പാലിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടി കയ്യാളിയിരുന്ന വകുപ്പുകളിൽ ഇതെല്ലാം സംഭവിച്ചതിൽ നേതൃത്വം ഖിന്നരാണ്. 

കോടതി ഇടപെടുകയും യുഡിഎഫും ബിജെപിയുമെല്ലാം സമ്മർദം ശക്തമാക്കുകയും ചെയ്തതോടെ രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ പ്രതിസന്ധിയായി മരംമുറി കേസ് മാറി.

മരംമുറി: 42 കേസുകൾ

മുട്ടിൽ മേഖലയിൽ നിന്നു മരം മുറിച്ചു കടത്തിയ വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ആദിവാസികൾ ഉൾപ്പെടെയുള്ള പട്ടയ ഉടമകൾ എന്നിവരെ പ്രതിയാക്കി വനം വകുപ്പ് കേസെടുത്തു. ഇതുവരെ റജിസ്റ്റർ ചെയ്തത് 42 കേസുകൾ. പട്ടിക വർഗ പീഡനം, മോഷണം എന്നിവ ചുമത്തി പൊലീസും കേസെടുത്തു. മരം മുറിയുടെ വ്യാപ്തി കണ്ടെത്താൻ വനം വകുപ്പ് വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിങ്ങിന്റെ നേതൃത്വത്തിൽ 5 ജില്ലകളിലായും അന്വേഷണം പുരോഗമിക്കുന്നു.

ഉദ്യോഗസ്ഥ ഒത്താശയോടെയാണ് മരം മുറിയെന്ന് സർക്കാരും കോടതിയിൽ സമ്മതിച്ചു.

English Summary: Illegal tree felling: CPI demands inquiry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA