ADVERTISEMENT

തൃശൂർ ∙ കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പൊലീസിനെക്കണ്ട് ഓടിയതു തെറ്റിദ്ധാരണമൂലം! പൊലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താൻ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോൾ മാർട്ടിൻ കരുതിയത് മഫ്തി  പൊലീസ് വീടുവളഞ്ഞെന്നാണ്. മാർട്ടിനെ കണ്ടിട്ടില്ലെന്നു വീട്ടുടമസ്ഥൻ മറുപടി നൽകിയപ്പോൾ പൊലീസ് സംഘം അടുത്ത വീട്ടിലേക്കു പോകാനൊരുങ്ങി. ഇതറിയാതെ, പൊലീസ് വീടുവളഞ്ഞെന്നു കരുതി മാർട്ടിൻ പിൻവാതിലിലൂടെ ഇറങ്ങിയോടി. പൊലീസ് പിന്നാലെയും!

∙ നിഴലായി നാട്ടുകാർ

ഓരോ പൊലീസുകാരന്റെയും നേതൃത്വത്തിൽ പത്തോളം നാട്ടുകാരടങ്ങുന്ന സംഘമാണ് മുണ്ടൂരിനടുത്തുള്ള കിരാലൂരിൽ മാർട്ടിനെ തിരയാനിറങ്ങിയത്. നിഴൽ പൊലീസ് എസ്ഐ പി.എം. റാഫിയും 5 നാട്ടുകാരുമടങ്ങിയ സംഘം പല വീടുകൾ കയറിയിറങ്ങി ചെമ്മാഞ്ചിറയിലെ ഒരു വീടിനു മുന്നിലെത്തി. മാർട്ടിന്റെ ഫോട്ടോ കാണിച്ചപ്പോൾ പതർച്ചയൊന്നുമില്ലാതെ വീട്ടുകാരൻ പറഞ്ഞു, ‘ഇങ്ങനെയൊരാളെ കണ്ടിട്ടില്ല.’ ആ വ‍ീട്ടിലായിരുന്നു 2 ദിവസമായി മാർട്ടിൻ ഒളിവിൽ കഴിഞ്ഞത്.

മാർട്ടിന്റെ അകന്ന ബന്ധുവായിരുന്നു വീട്ടുടമസ്ഥൻ. വീടിനുള്ളിൽ നിന്നു തലപൊക്കി നോക്കിയപ്പോൾ മാർട്ടിൻ കരുതി ‘മഫ്തി’ സംഘം വീടുവളഞ്ഞെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ പിൻവാതിലിലൂടെ ഇറങ്ങിയോടി. ഒരു കാര്യവുമില്ലാതെ ഒരാൾ ഓടുന്നതു കണ്ട റാഫിയും സംഘവും പിന്നാലെ കുതിച്ചപ്പോഴാണ് മാർട്ടിനാണതെന്നു മനസ്സിലായത്. സമീപത്തെ പാടം വഴിയോടി മാർട്ടിൻ കാടുമൂടിയ ചതുപ്പിൽ പതുങ്ങി. 

∙ ബിഎംഡബ്ല്യു ഒളിപ്പിച്ചു

മാർട്ടിൻ ഉപയോഗിച്ചിരുന്ന ഫോണിലെ വാട്സാപ്പിലൂടെ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞതിൽ നിന്നാണ് കേസിന്റെ ഗതിമാറ്റം. കാക്കനാട്ടെ മാർട്ടിന്റെ സുഹൃത്തിലേക്ക് അന്വേഷണസംഘം എത്തിയതങ്ങനെ. ഈ നമ്പർ പിന്തുടർന്നപ്പോൾ തൃശൂർ ദിശയിൽ സഞ്ചരിക്കുന്നതായി മനസ്സിലായി. മാർട്ടിന്റെ ബിഎംഡബ്ല്യു കാറിൽ മാർട്ടിനെ സുഹൃത്ത് മുണ്ടൂർ വഴി കിരാലൂരിലെത്തിച്ചു. 

മാർട്ടിനെ ഇറക്കിയശേഷം കാർ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ചു. ഈ കാറും മാർട്ടിനെ സഹായിക്കാൻ കൂട്ടാളികൾ സഞ്ചരിച്ച മറ്റൊരു കാറും 2 ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കൾ പിടിയിലായ വിവരം മാർട്ടിൻ ആദ്യം അറിഞ്ഞിരുന്നില്ല. ഇവരെ കാണാതായപ്പോൾ അന്വേഷിക്കാൻ ബൈക്കിൽ പുറത്തിറങ്ങിയപ്പോഴാണ് മാർട്ടിന്റെ ലൊക്കേഷൻ ഏറെക്കുറെ പൊലീസ് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ അനന്ത്‌ ലാലും 25 അംഗ സംഘവും ആദ്യദിവസം അരിച്ചു പെറുക്കിയിട്ടും മാർട്ടിനെ കിട്ടിയില്ല. 

രണ്ടാം ദിവസം കൂടുതൽ മികച്ച ‘സ്ട്രാറ്റജി’ പുറത്തെടുത്തു. സ്ഥലം നന്നായി അറിയാവുന്ന നാട്ടുകാരെ കൂടി തിരച്ചിലിൽ ഉൾപ്പെടുത്തുക – അതാണ് ഫലം കണ്ടത്. 

English Summary: Locals help to trap Martin Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com