ADVERTISEMENT

മാവേലിക്കര ∙ ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനർവിവാഹം ചെയ്തു 30 പവന്റെ ആഭരണവും 28 ലക്ഷം രൂപയും തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യ ഭാര്യയെയും പൊലീസ് പ്രതി ചേർത്തു. കോട്ടയം ചെങ്ങളം ഈസ്റ്റ് കാ‍ഞ്ഞിരമറ്റം കിഴക്കേമുറി കെ.കെ.മനീഷിനെ (36) ആണു അറസ്റ്റ് ചെയ്തത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനി ജില്ലാ പൊലീസ് മേധാവി എസ്.ജയദേവിനു ഇമെയിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്.

ഓട്ടമൊബീൽ ബിസിനസ് ആണെന്നും എൻജിനീയറിങ് വരെ പഠിച്ചിട്ടുണ്ടെന്നും ആദ്യ ഭാര്യ മരിച്ചു പോയെന്നുമാണു മനീഷ് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 27നു കായംകുളത്തിനു സമീപത്തെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം. തലയോലപ്പറമ്പിലെ വീട്ടിൽ ഇരുവരും ഒരു മാസം താമസിച്ചു. തുടർന്നു ബഹ്റൈനിലേക്കു പോയ പെൺകുട്ടി കഴിഞ്ഞമാസം മനീഷിനെയും കൊണ്ടുപോയി.

ഒരു കമ്പനിയിൽ ജോലി ശരിയാക്കിയെങ്കിലും അഭിമുഖത്തിനു പോകാതെ മനീഷ് ഒഴിഞ്ഞുമാറി. മനീഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും മനസ്സിലായി. തുടർന്നു എംബസി ഇടപെട്ടു മനീഷിനെ നാട്ടിലേക്കു തിരിച്ചയച്ചു. ഇതിനു ശേഷമാണു പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്കു പരാതി അയച്ചത്. 

ചില ബാധ്യതകൾ തീർക്കാനെന്ന പേരിൽ പലപ്പോഴായി 30 പവൻ സ്വർണാഭരണവും 28 ലക്ഷം രൂപയും മനീഷ് തട്ടിയെടുത്തതായും ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. സിഐ ജി.പ്രൈജു, എസ്ഐ എസ്.മിനുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.സുധി, എസ്.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണു കാ‍ഞ്ഞിരമറ്റത്തെ വീട്ടിൽ നിന്നു മനീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്തു ആദ്യ ഭാര്യയും മനീഷിനൊപ്പം ഉണ്ടായിരുന്നു.

English Summary: Marriage fraud: One arrested in Mavelikara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com