ADVERTISEMENT

തിരുവനന്തപുരം ∙ മദ്യശാലകൾ ലോക്ഡൗണിലായ 38 ദിവസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് പിടിച്ചെടുത്തത് 3745.5 ലീറ്റർ നാടൻ ചാരായം (വാറ്റ്). ചാരായമുണ്ടാക്കാനായി കലക്കിവച്ച 2.8 ലക്ഷം ലീറ്റർ കോടയും കണ്ടെത്തി നശിപ്പിച്ചു. 32.75 ലീറ്റർ സ്പിരിറ്റും പിടികൂടി.

ലോക്ഡൗൺകാലത്ത് അനധികൃത മദ്യ ഉൽപാദനവും വിൽപനയും പാരമ്യത്തിലെത്തിയിരുന്നുവെന്നു സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ. പിടിച്ചതിന്റെ നൂറിരട്ടിയെങ്കിലും വിൽപന നടന്നിട്ടുണ്ടെന്നാണു നിഗമനം. മദ്യശാലകൾ തുറക്കാൻ ഒന്നാം ലോക്ഡൗണിലുണ്ടായത്ര മുറവിളി ഇത്തവണ ഉയരാതിരുന്നത് യഥേഷ്ടം അനധികൃത മദ്യം വിപണിയിൽ ലഭ്യമായിരുന്നതുകൊണ്ടാണെന്നും അനുമാനിക്കുന്നു.

ആരോഗ്യപ്രശ്നമുള്ളവർക്കു ഡോക്ടറുടെ നിർദേശപ്രകാരം മദ്യം കൊടുക്കാൻ വരെ കഴിഞ്ഞ ലോക്ഡൗണിൽ സർക്കാർ തയാറായെങ്കിൽ, ഇത്തവണ മദ്യം കിട്ടാതെ രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം വിരലിലെണ്ണാൻ പോലുമില്ല. സ്കോച്ച് വിസ്കിയുടെ  വിലയിലേക്കാണു ലോക്ഡൗൺ കാലത്തു നാടൻ ചാരായമെത്തിയത്. ലോക്ഡൗണിന്റെ അവസാനത്തെ ആഴ്ച ലീറ്ററിന് 2500–3000 രൂപയ്ക്കു വരെ ചാരായ വിൽപന നടന്നു.

എക്സൈസ് വകുപ്പിന്റെ കണക്കുപ്രകാരം, മേയ് 8 മുതൽ ലോക്ഡൗൺ പിൻവലിച്ച ഈ മാസം 16 വരെ റജിസ്റ്റർ ചെയ്തത് 2462 അബ്കാരി കേസുകളാണ്. 438 പേർ അറസ്റ്റിലുമായി. കേസിൽ മുൻപിൽ പാലക്കാടും (282) രണ്ടാമതു കണ്ണൂരുമാണ് (270). കൊല്ലത്തും (654.05 ലീ.) തിരുവനന്തപുരത്തുമാണ് (629.95 ലീ.) ഏറ്റവുമധികം ചാരായം പിടിച്ചത്. ഏറ്റവുമധികം കോട കണ്ടെത്തിയതു കോഴിക്കോട്ടാണ്. 43587 ലീറ്റർ. കഞ്ചാവ് പിടിത്തത്തിൽ മുൻപിൽ തിരുവനന്തപുരവും (662.63 കി.ഗ്രാം), രണ്ടാമതു മലപ്പുറവുമാണ് (133.14 കി.ഗ്രാം).

പിടിച്ചെടുത്തത്

∙ സ്പിരിറ്റ് 32.75 ലീ.

∙ ചാരായം 3745.5 ലീ.

∙ വ്യാജമദ്യം 130.14 ലീ.

∙ ഇതരസംസ്ഥാന മദ്യം 10160.33 ലീ.

∙ ബവ്കോ മദ്യം 103.6 ലീ.

∙ കള്ള് 2933 ലീ.

∙ കഞ്ചാവ് 1027.89 കി.ഗ്രാം

∙ കഞ്ചാവ് ചെടി 169

English Summary: Excise seized illegal spirit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com