ADVERTISEMENT

ഈയാഴ്ച പുറത്തിറങ്ങിയ ‘മനോരമ’ ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിലാണ് പിണറായി വിജയനെ ചവിട്ടിയതായി കെ.സുധാകരൻ പറഞ്ഞത്. 

സുധാകരന്റെ വാക്കുകൾ:

ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ സമരം പൊളിക്കാൻ കെഎസ്‍യു തീരുമാനിച്ചു. എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐക്കാരെ തല്ലിയോടിച്ചു. പരീക്ഷ എഴുതുകയായിരുന്ന പിണറായി വിജയൻ വിവരമറിഞ്ഞു കോണിപ്പടി കയറിവന്നു. ‘നീയാരാടാ ധാരാ സിങ്ങോ’ എന്നു ചോദിച്ചു. കളരിയൊക്കെ പഠിച്ചിരുന്ന ഞാൻ ആർത്തുവിളിച്ച് പിണറായിയെ ഒറ്റച്ചവിട്ടു കൊടുത്തു. വീണുപോയ പിണറായിയെ എന്റെ പിള്ളേർ വളഞ്ഞിട്ടുതല്ലി. പൊലീസ് വണ്ടി വന്നാണ് വിജയനെ എടു‍ത്തുകൊണ്ടു പോയത്.

മറ്റൊരിക്കൽ, ഫ്രാൻസിസ് എന്ന കെഎസ്‌യു പ്രവർത്തകൻ, കോളജ് വളപ്പിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയനെ മൈക്കെടുത്ത് ഒറ്റയടി. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ പിണറായിയുടെ തല പിളർന്നുപോകുമായിരുന്നു. അന്നു കത്തിയുമായിട്ടാണു ഫ്രാൻസിസിന്റെ നടപ്പ്.

പിണറായിയുടെ മറുപടി:

അന്നു കെഎസ്എഫ് സംസ്ഥാന ഭാരവാഹിയാണു ഞാൻ. കോളജ് വിട്ടിരുന്ന എനിക്ക് അന്നു പരീക്ഷയുണ്ടായിരുന്നു. അവിടെ പോയെങ്കിലും ക്ലാസ് ബഹിഷ്കരണം ആഹ്വാനം ചെയ്ത ദിവസമായിരുന്നതിനാൽ എഴുതേണ്ടെന്നു തീരുമാനിച്ചു. ഇതിനിടെ കെഎസ്എഫ്– കെഎസ്‍യു സംഘർഷമുണ്ടായി. സുധാകരൻ ആ കൂട്ടത്തിലുണ്ട്. അയാളെ മുൻപ് അറിയില്ല. കോ‍ളജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്പോൾ എനിക്കു പരിമിതിയുണ്ട്. പക്ഷേ സംഗതി കൈവിട്ടു പോകുന്നു.

സംഘർഷം മൂർച്ഛിച്ചപ്പോൾ ഈ ചെറുപ്പക്കാരനു നേരെ ഞാൻ പ്രത്യേക രീതിയിലൊരു ആ‍ക്‌ഷൻ എടുത്തു. തല്ലിയില്ല, തൊട്ടില്ല. പകരം എന്റെ കൈ രണ്ടും ശക്തമായി കൂട്ടിയിടിച്ചു. ഒരു സംഘ‍ർഷ സ്ഥലത്ത് ഉണ്ടാവുന്ന ശബ്ദമാണെന്നോർക്കണം. സ്വാഭാവികമായി അതിന്റെ പിന്നാലെയുള്ള ചില വാക്കുകളും വരും. അതെന്താണെന്നു നിങ്ങൾ ഊഹിച്ചാൽ മതി. ഈ വിദ്യാ‍ർഥി നേതാവിന്റെ ഗുരുവും എന്റെ സുഹൃത്തുമായ ബാലൻ ‘അയ്യോ വിജയാ, ഒന്നും ചെയ്യല്ലേ’ എന്നുപറഞ്ഞ് എന്നെ പിടിച്ചു. ‘പിടിച്ചുകൊണ്ടു പോടാ, ആരാ ഇവൻ’ എന്നു ഞാൻ ചോദിച്ചു. അവിടെ ഉണ്ടായിരുന്നവർ ഈ ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടു പോയി. സുധാകരൻ ഇപ്പോൾ മന‍സ്സിലാക്കിക്കോ, അന്നത് അവിടെനിന്നത് ഞാൻ കോളജ് വിട്ട ശേഷം പരീക്ഷ എഴുതാൻ വന്നയാളായിരുന്നതു കൊണ്ടു മാത്രമാണ്. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ മനസ്സിന്റെ കണക്കുകൂട്ടലാണ്.

ഞാൻ കോളജ് വിടും വരെ ഫ്രാൻസിസ് എന്നൊരാൾ അവിടെയില്ല. എന്റെ ശരീരത്തിൽ തൊടണമെന്നു ആഗ്രഹിക്കുന്ന പലരും അവിടെയുണ്ടായിട്ടുണ്ടാവും. ആരും അടുത്തേക്കു വന്നിട്ടില്ല. 

English Summary: Pinarayi Vijayan, K Sudhakaran, Brennen college fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com