ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടിയുടെ പുനഃസംഘടനാ ചർച്ചയിലേക്ക് കോൺഗ്രസ്. നാളെ രാഷ്ട്രീയകാര്യ സമിതി യോഗം മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ സ്ഥാനമേറ്റ ശേഷമുളള ആദ്യ രാഷ്ട്രീയകാര്യ സമിതിയാണു നാളെ ചേരുന്നത്. കെപിസിസി, ഡിസിസി അഴിച്ചു പണിയാണു സുധാകരന്റെ ആദ്യ സംഘടനാ ദൗത്യം.

കെപിസിസിയിലും ഡിസിസിയിലും നിലവിലെ ജംബോ സമിതി ഇനി ഉണ്ടാകില്ലെന്നു സുധാകരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടിയിലെ പൊതു വികാരവും അതാണെങ്കിലും ഭാരവാഹികളാകാൻ കൊതിക്കുന്നവരുടെ വൻ സമ്മർദം നേതാക്കൾ നേരിടുന്നു. കെപിസിസിക്കു നിർവാഹക സമിതി അടക്കം 51 അംഗ സമിതി രൂപീകരിക്കാനാണു സുധാകരൻ ഉദ്ദേശിക്കുന്നത്.

വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി പത്തിൽ താഴെ പേർ മതിയെന്നും അദ്ദേഹം കരുതുന്നു. ഡിസിസികളിലും അതേ മാതൃക തുടരുകയാണു ലക്ഷ്യം.  96 സെക്രട്ടറിമാരെയാണു മുല്ലപ്പള്ളി നിയമിച്ചതെങ്കിൽ ഇത്തവണ സെക്രട്ടറിമാർ തന്നെ വേണോ എന്ന സന്ദേഹത്തിലാണു സുധാകരൻ. താഴേത്തട്ടിൽ കുടുംബ യൂണിറ്റുകൾ രൂപീകരിക്കാനുള്ള സുധാകരന്റെ നിർദേശം നാളത്തെ യോഗം പരിഗണിക്കും. 20–30 വീടുകൾക്ക് ഒരു യൂണിറ്റ് എന്നതാണ് അദ്ദേഹത്തിന്റെ ആശയം.

രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം പരിഹരിക്കാന്‍ പാർട്ടി സ്കൂൾ, കെപിസിസിക്കു മൂന്നു മേഖലാ ഓഫിസുകൾ തുടങ്ങിയ ആശയങ്ങളും അദ്ദേഹം അവതരിപ്പിച്ചേക്കും. പിണറായി വിജയനുമായുള്ള ഏറ്റുമുട്ടൽ പാർട്ടിക്കുള്ളിൽ അദ്ദേഹത്തെ കൂടുതൽ ശക്തനാക്കിയെന്നാണു വിലയിരുത്തല്‍. സുധാകരന് എ–ഐ ഗ്രൂപ്പുകൾ നൽകുന്ന പിന്തുണ സംബന്ധിച്ച സൂചനകൾ നാളത്തെ യോഗത്തോടെ വ്യക്തമാകും. 

English Summary: KPCC to begin revamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com