ADVERTISEMENT

കൊച്ചി ∙ സിനിമ സംവിധായിക ആയിഷ സുൽത്താനയുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി കവരത്തി പൊലീസ്. ഇന്നലെ രാവിലെ 9.45ന് ആരംഭിച്ച ചോദ്യംചെയ്യൽ ഉച്ചയ്ക്കു മുൻപു തന്നെ പൂർത്തിയാക്കിയ പൊലീസ് ആയിഷയ്ക്കു കൊച്ചിയിലേക്കു മടങ്ങാനും അനുമതി നൽകി. കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മാവനെ സന്ദർശിക്കാൻ അനുവദിക്കണമെന്ന ആയിഷയുടെ അഭ്യർഥന പരിഗണിച്ചാണു മടങ്ങാൻ അനുമതി നൽകിയതെന്നും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കവരത്തി എസ്ഐ അമീർ ബിൻ മുഹമ്മദ് പറഞ്ഞു. 

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനു ശേഷം കവരത്തിയിലേക്കു വിളിപ്പിച്ച ആയിഷയെ ഇതിനോടകം മൂന്നു തവണയാണു ചോദ്യം ചെയ്തത്. ആയിഷയുടെ ഫോൺ, വാട്സാപ് കോളുകളുടെ വിശദാംശങ്ങളാണ് ഇന്നലെയും പൊലീസ് തേടിയത്. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും ആരാഞ്ഞു. സമൂഹമാധ്യമ സുഹൃത്തുക്കളിൽ വിദേശികൾ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചതായും ഇത്തരത്തിലാരും ഇല്ലെന്ന വിവരം നൽകിയെന്നും ആയിഷ വ്യക്തമാക്കി. 

ഇന്നലെ ആർടിപിസിആർ പരിശോധന നടത്തിയതായും ഇതിന്റെ ഫലം നെഗറ്റീവ് ആണെങ്കിൽ ഇന്നോ നാളെയോ ദ്വീപിൽ നിന്നു കൊച്ചിയിലേക്കു തിരിക്കുമെന്നും ആയിഷ പറഞ്ഞു.

ആയിഷ സുൽത്താന പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പൊലീസും ഭരണകൂടവും ഹൈക്കോടതിയിൽ

കൊച്ചി ∙ രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ലക്ഷദ്വീപിലെത്തിയ സംവിധായിക ആയിഷ സുൽത്താന കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ലക്ഷദ്വീപ് ഭരണകൂടവും പൊലീസും ഹൈക്കോടതിയിയിൽ അറിയിച്ചു. 

ദേശവിരുദ്ധ പരാമർശം നടത്തിയത് കോവിഡ് വ്യവസ്ഥകൾ ഇളവ് ചെയ്തതിനാണെന്നു നീതീകരിച്ച ആയിഷ എന്നാൽ യഥാർഥത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് വില കൽപ്പിച്ചില്ലെന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. രോഗം പടർത്തുന്ന രീതിയിലാണ് അവർ പ്രവർത്തിച്ചത്. 19ന് കവരത്തിയിലെത്തിയ ആയിഷ ഏഴു ദിവസം ഹോം ക്വാറന്റീനിൽ കഴിയേണ്ടതുൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ വ്യവസ്ഥകൾ പാലിച്ചില്ല. ചോദ്യം ചെയ്യലിനുശേഷം ജനങ്ങളുമായി ഇടപഴകുകയും മാധ്യമങ്ങളിൽ പ്രതികരണം നൽകുകയും ചെയ്തു. താമസസ്ഥലത്തേക്കു മടങ്ങുന്നതിനു മുൻപ് പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു. ഒട്ടേറെപ്പേരുമായി ചർച്ച നടത്തി. ഐസലേഷൻ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ചില കോവിഡ് രോഗികളെ സന്ദർശിച്ചു. 

ഇൗ നടപടികൾ ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോളിനു വിരുദ്ധമാണ്. ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നൽകിയ സംരക്ഷണം ആയിഷ ദുരുപയോഗം ചെയ്തെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രസക്തമാണെന്നും ലക്ഷദ്വീപ് ഭരണകൂടവും പൊലീസും അറിയിച്ചു.

എംപിമാരുടെ ഹർജി പരിഗണിക്കാൻ മാറ്റി

കൊച്ചി ∙ ലക്ഷദ്വീപിൽ പോകാൻ അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ടി.എൻ. പ്രതാപനും ഹൈബി ഇൗഡനും നൽകിയ ഹർജി ഹൈക്കോടതി പത്തു ദിവസത്തിനു ശേഷം പരിഗണിക്കാൻ മാറ്റി. എംപിമാരുടെ അപേക്ഷ പരിഗണിക്കുമെന്നും പത്തു ദിവസത്തിനുള്ളിൽ നിയമാനുസൃതം തീരുമാനമെടുക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചത് രേഖപ്പെടുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഹർജി മാറ്റിയത്. എംപിമാരുടെ അപേക്ഷ ലോക്ഡൗൺ സമയത്താണു ലഭിച്ചതെന്നും ഇതു മാത്രമല്ല, യാത്രാനുമതി തേടി ഒട്ടേറെ അപേക്ഷകൾ ലഭിക്കുന്നുണ്ടന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.

English Summary: Aisha Sultana returns to Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com