ADVERTISEMENT

ആലുവ/തൊടുപുഴ ∙ മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്തതിനു മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ 24 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം തൊടുപുഴ ചെലവിലെ വീട്ടിൽ തിരിച്ചെത്തി. അജീഷ് പോളിനെ യുവാവ് കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരുന്നു. ജീവിതത്തിലേക്കുള്ള നൂൽപാലത്തിലൂടെ അജീഷ് കരകയറുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസത്തിന്റെ നെടുവീർപ്പ്. 

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നു സംസാരശേഷിയും വലതു കൈകാലുകളുടെ ചലനശേഷിയും പൂർണമായി നഷ്ടപ്പെട്ട നിലയിലാണ് അജീഷിനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്.  ചികിത്സയ്ക്കു ശേഷം മടങ്ങുമ്പോൾ രണ്ടും ഭാഗികമായി വീണ്ടെടുത്തു. സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ 6 മാസം കൂടി സ്പീച്ച് തെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ തുടരണം. ശസ്ത്രക്രിയയും വേണ്ടിവരും.

ഇക്കഴിഞ്ഞ ഒന്നിനു ജോലിക്കിടെയാണ് അജീഷിനും എസ്എച്ച്ഒ ജി.എസ്. രതീഷിനും നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കല്ലുകൊണ്ടു തലയ്ക്ക് ഇടിയേറ്റ അജീഷ് വീണു. അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. 

അടിയന്തര ശസ്തക്രിയയ്ക്കു ശേഷം ഫിസിയോതെറപ്പിയുടെയും സ്പീച്ച് തെറപ്പിയുടെയും സഹായത്തോടെ സംസാരശേഷിയും കൈകാലുകളുടെ ചലനശേഷിയും വീണ്ടെടുക്കാൻ ശ്രമം നടത്തി. ഓർമകളെ പൂർണമായി ബന്ധിപ്പിക്കാനാവുന്നില്ലെങ്കിലും മറയൂരിലെ ജോലിക്കാര്യങ്ങളും അപകടം സംഭവിച്ചതും ഇടയ്ക്കു പറയുന്നുണ്ട്. 

ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത അജീഷ് പോളിനെ മന്ത്രി പി. രാജീവ്, ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയി കിളിക്കുന്നേൽ എന്നിവരും ഡോക്ടർമാരും പൊലീസ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് തൊടുപുഴയിലെ വീട്ടിലേക്കു യാത്രയാക്കി.

പ്രാർഥനയും പാട്ടുകളും ചൊല്ലാൻ ശ്രമിച്ച് അജീഷ്; സ്പീച്ച്‌തെറപ്പിയും വിദഗ്ധ ചികിത്സയും തുടരുന്നു

ആലുവ ∙ മസ്തിഷ്കത്തിനു ഗുരുതര പരുക്ക് ഏൽക്കുന്നതു മൂലം ഭാഷാ വൈകല്യം സംഭവിക്കുന്ന ‘അഫേസ്യ’യുടെ രണ്ടാം ഘട്ടമായ ട്രാൻസ്കോർട്ടിക്കൽ സെൻസറി അഫേസ്യ എന്ന അവസ്ഥയിലാണ്‌ ഇപ്പോൾ അജീഷ് പോൾ എന്നു ഡോക്ടർമാർ. എഴുതാനും വായിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും അതു വീണ്ടും വാക്കുകളായും വാചകങ്ങളായും ആശയവിനിമയം നടത്താനുമുള്ള ശേഷി തകരാറിലാകുന്നതാണ് അഫേസ്യ. 

രാജഗിരി ആശുപത്രിയിൽ എത്തുമ്പോൾ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ട ഗ്ലോബൽ അഫേസ്യ എന്ന അവസ്ഥയിലായിരുന്നു അജീഷ്. തക്ക സമയത്തു ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയ്ക്കൊപ്പം സ്പീച്ച് തെറപ്പിയും ചെയ്തതുകൊണ്ടാണു നിർണായകമായ ആദ്യഘട്ടം തരണം ചെയ്തതെന്നു ഡോക്ടർമാർ പറഞ്ഞു. 

പണ്ടു മനഃപ്പാഠമാക്കിയ പ്രാർഥനയും പാട്ടുകളും അജീഷ് ഇപ്പോൾ പഴയ രീതിയിൽ ചൊല്ലുന്നുണ്ട്. സ്പീച്ച് തെറപ്പിയോടു നല്ല രീതിയിൽ പ്രതികരിക്കുന്നുമുണ്ട്. അജീഷിന്റെ ചികിത്സാ ചെലവു വഹിച്ചതു സർക്കാരാണ്. റൂറൽ എസ്പി കെ. കാർത്തിക്, അജീഷിന് ആവശ്യമായ സേവനങ്ങൾക്കായി ഒരു എസ്ഐ ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

‘അജീഷ് പോളിന്റെ തിരിച്ചുവരവിൽ ഏറെ സന്തോഷിക്കുന്നു. ഡോക്ടർമാർ വിചാരിച്ചതിലും വേഗത്തിൽ അജീഷിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായി. എത്രയും വേഗത്തിൽ പഴയ നിലയിലേക്ക് അജീഷ് എത്തുമെന്നു പ്രതീക്ഷിക്കുന്നു.’

ജി.എസ്. രതീഷ് എസ്എച്ച്ഒ മറയൂർ  (അജീഷ് പോളിനൊപ്പം ആക്രമിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ)

English Summary: Civil police officer, who was attacked while on COVID duty return to home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com