ADVERTISEMENT

തിരുവല്ല ∙ ഭർത്താവ് ഓടിച്ച ഓട്ടോടാക്സി, കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ വീട്ടമ്മയും ചെറുമകനും മരിച്ചു. കോട്ടയം മാന്നാനം ചിറ്റേടത്തുപറമ്പിൽ സി.കെ.രമേശന്റെ ഭാര്യ പൊന്നമ്മ (55), ചെറുമകൻ കൃതാർഥ് (7) എന്നിവരാണ് മരിച്ചത്. തിരുവല്ല – കുമ്പഴ സംസ്ഥാനപാതയിൽ മഞ്ഞാടിയിൽ ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. 

രമേശൻ (62), ഭാര്യ പൊന്നമ്മ, മക്കളായ ശ്രീക്കുട്ടി (35), ശ്രുതി (30), ശ്രീക്കുട്ടിയുടെ മക്കളായ കീർത്തന (16), കൃതാർഥ്, ശ്രുതിയുടെ മകൾ അശ്വ (2) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വള്ളംകുളത്തു താമസിക്കുന്ന രമേശന്റെ മകൾ സിതാരയെ സന്ദർശിച്ച് തിരിച്ചുവരുന്ന വഴിയാണ് അപകടം. എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് വെട്ടിച്ച ഓട്ടോടാക്സി തിരികെ റോഡിലേക്കു കയറ്റിയപ്പോൾ നിയന്ത്രണം വിട്ട് അതേ കാറിലിടിക്കുകയായിരുന്നെന്ന് അധിക‍‍ൃതർ പറഞ്ഞു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊന്നമ്മയെയും ചെറുമകൻ കൃതാർ‍ഥിനെയും രക്ഷിക്കാനായില്ല. രണ്ടു വയസുകാരിയായ അശ്വ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മാന്നാനം സ്വദേശികളായ കുടുംബം കോട്ടയം ഗാന്ധിനഗർ ചെമ്മനംപടിക്കു സമീപം വാ‌ടകയ്ക്ക് താമസിക്കുകയാണ്. രമേശന്റെ മൊഴി പ്രകാരം കാർ ഓടിച്ച തിരുവല്ല സ്വദേശി രഞ്ജിത്തിനെതിരെ കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണമുള്ളപ്പോൾ കുട്ടികളുമായി ഇവർ യാത്ര ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

മരിച്ച പൊന്നമ്മയുടെ മക്കൾ: ശ്രുതി, സിതാര, ശ്രീക്കുട്ടി. മരുമക്കൾ: കണ്ണൂർ അഴീക്കോട് പട്ടുവക്കാരൻ വിശാഖ്, കാണക്കാരി തടത്തിൽപറമ്പിൽ ജെ. റോബൻ (കലാക്ഷേത്ര റോബൻ), വള്ളംകുളം ആലുങ്കൽ എ.കെ.ദിലീപ്. സംസ്കാരം പിന്നീട്.

ദുരന്തത്തിലേക്ക് മടക്കയാത്ര 

കോട്ടയം ∙ വിദേശത്തു ജോലിക്കു പോകുന്ന മകൾ സിതാരയെ യാത്രയാക്കാനാണ് രമേശനും പൊന്നമ്മയും തിരുവല്ലയ്ക്കു തിരിച്ചത്. എന്നാൽ മടക്കയാത്ര ദുരന്തത്തിലേക്കായി. ഇന്നലെ ഒമാനിലേക്കു പോകാനിരിക്കുകയായിരുന്ന സിതാര  ദുരന്തത്തെത്തുടർന്നു യാത്ര വേണ്ടെന്നുവച്ചു.

കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള ഓട്ടത്തിലായിരുന്നു കുടുംബം. ശ്രീക്കുട്ടി കാണക്കാരിയിൽ മത്സ്യക്കച്ചവടം നടത്തുന്നുണ്ട്. ശ്രുതിയും ഭർ‍ത്താവ് റോബനും ചേർന്നു നേരത്തേ കലാക്ഷേത്ര എന്ന പേരിൽ കാണക്കാരിയിൽ നൃത്തവിദ്യാലയം നടത്തിയിരുന്നു. ഇരുവരും മികച്ച മേക്കപ് ആർട്ടിസ്റ്റ്മാരാണ് പലകയിൽ തറച്ച ആണികൾക്കു മുകളിൽ നൃത്തം ചവിട്ടുന്ന റോബന്റെയും ശ്രുതിയുടെയും കലാപ്രകടനം കേരളത്തിലുടനീളം അവതരിപ്പിച്ച് ഏറെ വർഷം ശ്രദ്ധ നേടിയിരുന്നു.എന്നാൽ കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും 2 വർഷമായി അവസരങ്ങൾ ഇല്ലാതാക്കി.

English Summary: Auto taxi accident in Thiruvalla

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com