ADVERTISEMENT

ചങ്ങനാശേരി ∙ സ്ത്രീധന നിരോധന നിയമത്തിൽ യുക്തമായ ഭേദഗതികൾ വരുത്തി, നിയമം കർക്കശമായി നടപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് എൻ എസ്എസ് ആവശ്യപ്പെട്ടു. 

വിവാഹവേളയിൽ വധൂവരന്മാർ അണിയുന്ന സ്വർണാഭരണങ്ങൾക്കും മറ്റും പരിധി നിശ്ചയിക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. പരിധിയിൽ കവിഞ്ഞുള്ള, സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള ഏതുതരം സമ്മാനങ്ങളും ഉപഹാരങ്ങളും സ്ത്രീധനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് 107-ാമത് ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു സുകുമാരൻ നായർ.

സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിന്റേതാണ്. കുറ്റകൃത്യം തടയുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാർക്കു വിപുലമായ അധികാരങ്ങൾ ഉണ്ടെങ്കിലും അതൊന്നും നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കിക്കാണുന്നില്ലെന്നും അദ്ദേഹം‍ പറഞ്ഞു.

narendranathan
പി.എൻ. നരേന്ദ്രനാഥൻ നായർ

നരേന്ദ്രനാഥൻ നായർ വീണ്ടും എൻഎസ്എസ് പ്രസിഡന്റ്

ചങ്ങനാശേരി ∙ നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) പ്രസിഡന്റായി പി.എൻ.നരേന്ദ്രനാഥൻ നായർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട യൂണിയനിലെ 115-ാം നമ്പർ വെട്ടിപ്രം കരയോഗം അംഗമാണ്. തുടർച്ചയായി ഇതു നാലാം തവണയാണ് പി.എൻ.നരേന്ദ്രനാഥൻ നായർ എൻഎസ്എസ് പ്രസിഡന്റ് പദവിയിൽ എത്തുന്നത്. ഇന്നലെ നടന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 2012 മുതൽ എൻഎസ്എസ് പ്രസിഡന്റാണ്. ജില്ലാ ജഡ്‌ജിയായി വിരമിച്ച നരേന്ദ്രനാഥൻ നായർ പത്തനംതിട്ട കോന്നി പുളിമൂട്ടിൽ കുടുംബാംഗമാണ്. എൻഎസ്എസ് ട്രഷറർ, പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

എൻഎസ്എസ് ബജറ്റ്: ആരോഗ്യ, വിദ്യാഭ്യാസത്തിന് മുൻതൂക്കം 

ചങ്ങനാശേരി ∙ നായർ സർവീസ് സൊസൈറ്റിയുടെ 107-ാമത് ബജറ്റിൽ ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ രംഗത്തിനും പ്രാധാന്യം നൽകുന്നു. 

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തിയ സമ്മേളനത്തിൽ 2021- 22 വർഷത്തേക്ക് 132 കോടിയുടെ ബജറ്റാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ചത്.

എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധിയിൽ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ, ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, ട്രഷറർ ഡോ.എം. ശശികുമാർ, കരയോഗം റജിസ്ട്രാർ ഡോ. പി.എൻ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സമ്മേളനം ആരംഭിച്ചത്.

സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലെ 276 പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു. 

കഴിഞ്ഞ വർഷവും ഓൺലൈനായാണ് ബജറ്റ് സമ്മേളനം നടത്തിയത്.

കോവിഡ് ആശ്വാസ വായ്പ, കുറഞ്ഞ നിരക്കിൽ കാർഷിക വായ്പ തുടങ്ങി സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ഇത്തവണയും ബജറ്റിലുണ്ട്. 

ആധ്യാത്മിക പഠന വിഭാഗം, ഹ്യൂമൻ റിസോഴ്സ് വിഭാഗം എന്നിവയുടെ പ്രവർത്തനം കരയോഗം റജിസ്ട്രാറുടെ ചുമതലയിലേക്കു മാറ്റി. 

ബജറ്റിലെ പ്രധാന പദ്ധതികൾ:

∙ സ്കൂൾ, കോളജ് കെട്ടിട നിർമാണത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനും 5.72 കോടി, അറ്റകുറ്റപ്പണികൾക്കായി 2.35 കോടി.

∙ സമുദായ അംഗങ്ങൾക്ക് ഭവനനിർമാണം, വിദ്യാഭ്യാസം, വിവാഹം, ചികിത്സ– 2 കോടി.

∙ കൃഷി സംരക്ഷണം– 4.22 കോടി, പുതിയ കൃഷി– ഒരു കോടി.

∙ ആറ്റിങ്ങലും തൃശൂരും പുതിയ വർക്കിങ് വിമൻസ് ഹോസ്റ്റൽ നിർമിക്കുന്നതിന് ഒരു കോടി.

∙ ആധ്യാത്മിക പഠന കേന്ദ്രങ്ങൾക്ക് 50 ലക്ഷം

ഡോ. എം. ശശികുമാർ അടക്കം 9 പേർ ബോർഡിലേക്ക്

ചങ്ങനാശേരി ∙ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായി ട്രഷറർ ഡോ. എം. ശശികുമാർ ഉൾപ്പെടെ 9 പേരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. 27 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഓരോ വർഷവും മൂന്നിലൊന്ന് അംഗങ്ങൾ മാറുന്നതാണ് രീതി.

തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ: ഹരികുമാർ കോയിക്കൽ (ചങ്ങനാശേരി), എം.എസ്. മോഹൻ (പൊൻകുന്നം), എം.എം. ഗോവിന്ദൻകുട്ടി (കണയന്നൂർ), ഡോ. ജി.ഗോപകുമാർ (കൊല്ലം), പി.നാരായണൻ (ഒറ്റപ്പാലം), പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ (ചേർത്തല), എ. സുരേശൻ (തൃശൂർ), എ. ബാലകൃഷ്ണൻ നായർ (കാസർകോട്).

ഇടക്കാലത്തുണ്ടായ ഒഴിവുകളിൽ പ്രഫ. മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), പി.എൻ. സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ) എന്നിവരെ ഉൾപ്പെടുത്തിയിരുന്നു.

English Summary: G Sukumaran Nair on dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com