ADVERTISEMENT

തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് റിട്ട. ഡിജിപിമാരായ സിബി മാത്യൂസ്, ആർ.ബി.ശ്രീകുമാർ എന്നിവരടക്കം 18 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തു. 7 പേർ കേരള പൊലീസിലെയും ബാക്കിയുള്ളവർ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെയും മുൻ ഉദ്യോഗസ്ഥരാണ്. ഗൂഢാലോചന, മർദനം, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തൽ, അതിനായി കൃത്രിമ രേഖ ചമയ്ക്കൽ എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രഥമവിവര റിപ്പോർട്ടിൽ ചുമത്തി. ഡൽഹി സിബിഐ യൂണിറ്റിലെ സന്തോഷ് എന്ന ഉദ്യോഗസ്ഥനാണു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഓൺലൈനായി എഫ്ഐആർ സമർപ്പിച്ചത്.

ചാരക്കേസിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്നു സിബിഐ കണ്ടെത്തിയതിനു പിന്നാലെ കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നമ്പി നാരായണൻ നടത്തിയ നീണ്ട നിയമ പോരാട്ടമാണ് ഗൂഢാലോചന സംബന്ധിച്ച പ്രത്യേക കേസിലേക്കു നയിച്ചത്.

എസ്.വിജയൻ മുതൽ ജോഗേഷ് വരെ 

1 മുതൽ 18 വരെ പ്രതികൾ   (അന്നത്തെ തസ്തിക ബ്രാക്കറ്റിൽ):

എസ്.വിജയൻ (ഇൻസ്പെക്ടർ), തമ്പി എസ്.ദുർഗാദത്ത് (എസ്ഐ), വി.ആർ.രജീവൻ (സിറ്റി പൊലീസ് കമ്മിഷണർ), സിബി മാത്യൂസ് (ഡിഐജി), കെ.കെ.ജോഷ്വ (‍ഡിവൈഎസ്പി ), രവീന്ദ്രൻ (ഡിവൈഎസ്പി ഇന്റലിജൻസ് ബ്യൂറോ മുംബൈ), ആർ.ബി.ശ്രീകുമാർ (ജോയിന്റ് ഡയറക്ടർ ഐബി) ,സി.ആർ.ആർ.നായർ (ഐബി അസി.ഡയറക്ടർ തിരുവനന്തപുരം), ജി.എസ്.നായർ (ഐബി), കെ.വി.തോമസ് (ഐബി), പി.എസ്.ജയപ്രകാശ് (ഐബി കൊച്ചി), ജി.ബാബുരാജ് (എസ്പി നർകോട്ടിക് സെൽ), മാത്യു ജോൺ (ജോയിന്റ് ഡയറക്ടർ ഐബി), ജോൺ പുന്നൻ (ഐബി), ബേബി (ഐബി), ഡിങ്കു (എസ്ഐബി), വി.കെ.മായിൻ (എസ്ഐബി), എസ്.ജോഗേഷ് (ഇൻസ്പെക്ടർ സ്പെഷൽ ബ്രാഞ്ച്).

ചാരക്കേസ് പ്രതിപ്പട്ടിക വിപുലമാക്കും: സിബിഐ

തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് അന്വേഷണം മുന്നോട്ടുപോകുമ്പോൾ പ്രതിപ്പട്ടിക വിപുലീകരിക്കുമെന്ന് സിബിഐ വ്യക്തമാക്കി. മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരെ 1994 ൽ അറസ്റ്റുചെയ്ത് തുടക്കമിട്ട കേസ് ഉടനീളം കേരള പൊലീസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു സിബിഐ കണ്ടെത്തൽ. അന്ന് പേട്ട സിഐ ആയിരുന്ന എസ്.വിജയനാണ് സിബിഐ എഫ്ഐആറിലെ ഒന്നാം പ്രതി. എസ്ഐ ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയാണ്. ഡിഐജിയായിരുന്ന സിബി മാത്യൂസ് നാലാം പ്രതിയാണ്.

English Summary: ISRO espionage case: CBI files complaint against 18 former officers

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com