ADVERTISEMENT

തിരുവനന്തപുരം ∙ ജനങ്ങളുടെ നട്ടെല്ലൊടിച്ച് കേരളത്തിൽ പലയിടത്തും പെട്രോൾ വില ലീറ്ററിന് 100 രൂപയ്ക്കു മുകളിലെത്തി. 100 രൂപ പമ്പിൽ കൊടുക്കുമ്പോൾ അതിൽ 44.39 രൂപയാണ് പെട്രോളിന്റെ ഉൽപന്നവില. ബാക്കി 55.61 രൂപയും കേന്ദ്ര, സംസ്ഥാന നികുതികളും സെസുമാണ്. ഈ വർഷം ഇതുവരെ 6 മാസത്തിനിടയിൽ 55 തവണയാണ് പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചത്; കുറച്ചത് വെറും 4 തവണ. ഇടയ്ക്ക് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ 2 മാസത്തിലേറെ വില കൂട്ടിയില്ല. 

ഇടുക്കി ജില്ലയിലെ പൂപ്പാറയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പെട്രോൾവില ഇന്നലെ രേഖപ്പെടുത്തിയത് – ലീറ്ററിന് 100.09 രൂപ. ഇടുക്കി രാജകുമാരിയിലും തിരുവനന്തപുരം പാറശാലയിലും 100.04 രൂപ; ഇടുക്കി ആനപ്പാറയിൽ 100 രൂപ. പൂപ്പാറയിൽ ഡീസലിനു 94.80 രൂപയായി. 

കഴിഞ്ഞ 6 വർഷത്തിനുള്ളിൽ കേന്ദ്രമെടുക്കുന്ന നികുതിയിൽ 300 ശതമാനമാണു വർധനയുണ്ടായത്. 2014 ൽ 9.48 രൂപയായിരുന്ന കേന്ദ്രനികുതി ഇപ്പോൾ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി. 

ആ 100 രൂപ ഇങ്ങനെ 

വാങ്ങാൻ 33.29 രൂപ

ഒരു ലീറ്റർ പെട്രോളിന് ആവശ്യമായ അസംസ്കൃത എണ്ണ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ വാങ്ങുന്നത് ലീറ്ററിന് ശരാശരി 33.29 രൂപയ്ക്ക്. 

സംസ്കരിക്കാൻ 7.46 രൂപ

ഒരു ലീറ്റർ അസംസ്കൃത എണ്ണ സംസ്കരിച്ച് ഇന്ധനമാക്കാൻ ചെലവ് 7.46 രൂപ. 

കമ്മിഷനും മറ്റും 3.64 രൂപ 

പെട്രോൾ ഡീലർമാർക്കുള്ള കമ്മിഷൻ 3.45 രൂപ. ചരക്കു നീക്കത്തിന്റെ ചെലവ് ലീറ്ററിന് 19 പൈസ.

എക്സൈസ് ഡ്യൂട്ടി 1.40 രൂപ

കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായി ഇൗടാക്കുന്നത് ലീറ്ററിന് 1.40 രൂപ. എക്സൈസ് ഡ്യൂട്ടിയുടെ 40% സംസ്ഥാനങ്ങൾക്കു വീതം വച്ചു നൽകേണ്ടതുണ്ട്. അതിനാൽ എക്സൈസ് ഡ്യൂട്ടിയിൽ കാര്യമായ വർധന കേന്ദ്രം വരുത്താറില്ല. 

സ്പെഷൽ ‍ഡ്യൂട്ടി 11 രൂപ 

എക്സൈസ് ഡ്യൂട്ടിക്കു പകരം കേന്ദ്രം എപ്പോഴും വർധിപ്പിക്കാറുള്ളത് ഇൗ സ്പെഷൽ അഡിഷനൽ എക്സൈസ് ഡ്യൂട്ടിയാണ്. ഇൗ തുകയുടെ വിഹിതം സംസ്ഥാനങ്ങൾക്കു നൽകേണ്ടതില്ല. മുഴുവൻ കേന്ദ്രത്തിനാണ്.  

സെസുകൾക്കായി 20.50 രൂപ

കേന്ദ്രം പിരിക്കുന്നത് 2 തരം സെസുകൾ. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 18 രൂപ; അഗ്രികൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസ് 2.50 രൂപ.  

സംസ്ഥാന നികുതി 22.71 രൂപ 

സംസ്ഥാനം ഇൗടാക്കുന്ന സെയിൽസ് ടാക്സ് 21.49 രൂപ. ഒരു രൂപ അഡിഷനൽ സെയിൽസ് ടാക്സ്; 22 പൈസ സെസ്. 

(കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽനിന്ന് 56 പൈസ സംസ്ഥാനങ്ങൾക്ക്)

ഉത്പന്നവില: 44.39 രൂപ

നികുതികളും സെസും: 55.61 രൂപ

ആകെ വില: 100 രൂപ

42 കോടി ലീറ്റർ

കേരളത്തിൽ ഒരു മാസം വിറ്റഴിക്കുന്നത് 

∙16 കോടി ലീറ്റർ പെട്രോൾ; 

∙26 കോടി ലീറ്റർ ഡീസൽ. 

English Summary: Petrol price crosses Rs 100 per litre in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com