ADVERTISEMENT

തിരുവനന്തപുരം ∙ വിവാദ ഉത്തരവ് പിൻവലിച്ചതിന്റെ പിറ്റേന്ന്, മുൻ വനംമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മരംമുറിക്കേസിലെ പ്രതിയെ വിളിച്ചത് എന്തിനെന്നു സർക്കാർ വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വനംവകുപ്പ് അനുമതി നൽകാതിരുന്നിട്ടും മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ അനുവാദത്തോടെ തടി വയനാട്ടിൽ നിന്ന് എറണാകുളത്തെത്തിച്ചുവെന്നതു ഞെട്ടിക്കുന്ന സംഭവമാണ്. 

വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ടു യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുൻപിൽ നിർവഹിക്കുകയായിരുന്നു സതീശൻ.

വനംമാഫിയയ്ക്കു കൊള്ളയടിക്കാൻ കർഷകനെ മറയാക്കി ഉത്തരവിറക്കുകയായിരുന്നു. ഇത് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ കഴിയില്ല. അന്നത്തെ വനം, റവന്യു മന്ത്രിമാരെ പ്രതി ചേർത്ത് അന്വേഷണം നടത്തണം. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണ്. വനംമാഫിയയെ വനംകൊള്ളക്കാർ എന്നു വിളിച്ചപ്പോൾ അങ്ങനെ വിളിക്കരുതെന്നും മരക്കച്ചവടക്കാർ ലാഭമുണ്ടാക്കാൻ ചെയ്തതാണെന്നും പറഞ്ഞു സിപിഐ സംസ്ഥാന സെക്രട്ടറി വിഷയം ലഘൂകരിക്കുകയാണെന്നു സതീശൻ ആരോപിച്ചു.

വനംവകുപ്പ് ആസ്ഥാനത്തിനു മുൻപിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ധർണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് നേതാക്കളായ കെ.മുരളീധരൻ എംപി, ഡോ.എം.കെ.മുനീർ, കെ.ബാബു , എ.എ.അസീസ്, സി.പി.ജോൺ എന്നിവർ പങ്കെടുത്തു. 

കോട്ടയത്തു യുഡിഎഫ് കൺവീനർ എം.എം.ഹസനും മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും തൊടുപുഴയിൽ പി.ജെ.ജോസഫും കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രനും എറണാകുളത്ത് കെപിസിസി വർക്കിങ് പ്രസിഡന്റ് പി.ടി.തോമസും ഉദ്ഘാടനം ചെയ്തു. ഘടകകക്ഷി നേതാക്കളായ അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ജോൺ ജോൺ എന്നിവർ വിവിധ ജില്ലകളിലെ ധർണയ്ക്കു നേതൃത്വം നൽകി.

മരംമുറി: യുഡിഎഫിന് മൂന്നംഗ വിദഗ്ധ സമിതി

എട്ടു ജില്ലകളിലായി നടന്ന മരംമുറി വിവാദത്തിന്റെ വസ്തുതകൾ അന്വേഷിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ യുഡിഎഫ് നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. പ്രഫ. ഇ.കുഞ്ഞിക്കൃഷ്ണൻ, സുശീല ഭട്ട്, വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഒ.ജയരാജ് എന്നിവരാണ് അംഗങ്ങൾ. സമിതി റിപ്പോർട്ട് പൊതുസമൂഹത്തിനു മുൻപിൽ ചർച്ചയ്ക്കു വയ്ക്കും.

English Summary: UDF demands judicial probe into tree felling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com