ADVERTISEMENT

ശാസ്താംകോട്ട ∙ ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വി.നായരെ (മാളു–24) ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്.തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകൾ അന്വേഷണ സംഘത്തെ തുടക്കം മുതൽ സംശയത്തിലാക്കുന്നു. ഇതിനാലാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി, വിസ്മയ തൂങ്ങിമരിച്ചതായി ഭർത്താവ് കിരൺകുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി പരിശോധിച്ചത്. കിടപ്പുമുറിയിലും ചേർന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു. 

കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി പൊലീസ് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല. കിരണിന്റെ അച്ഛനും അമ്മയും നൽകിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത്. വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്ന മൊഴിയും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.

വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയിലാണ്. വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കൾ തുടർച്ചയായി നടത്തുന്ന പരാമർശങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പറഞ്ഞത്രയും സ്വർണം തന്നില്ലെന്നും കിരൺ ആവശ്യപ്പെട്ട കാറല്ല നൽകിയതെന്നുമൊക്കെയുള്ള പരാമർശങ്ങൾ വിസ്മയയുടെ മരണശേഷവും കിരണിന്റെ ബന്ധുക്കൾ നടത്തിയിരുന്നു.

ഇതേസമയം, കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മരണം സംബന്ധിച്ച ചില സംശയങ്ങൾക്കു സ്ഥിരീകരണം ഉണ്ടാക്കിയതിനു ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജനെ, കിരൺകുമാറിന്റെ വീട്ടിലെത്തിച്ചു പരിശോധന നടത്തും.‍

കിരണിന്റെ ബാങ്ക് അക്കൗണ്ടും വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മരവിപ്പിച്ചു. സ്ത്രീധനമായി നൽകിയ കാറും സ്വർണവും തൊണ്ടിമുതലാക്കി കോടതിയിൽ എത്തിക്കും. കിരണിന്റെ വിസ്മയയുടെയും 3 മൊബൈൽ ഫോണുകൾ ഡേറ്റ പുനഃസൃഷ്ടിക്കാനായി ഫൊറൻസിക്–സയന്റിഫിക് വിദഗ്ധർക്ക് കൈമാറി.

ഇന്നലെ വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനും അംഗം എം.എസ്.താരയും നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ഡോ.ആർ.ബിന്ദു, എൻ.കെ.പ്രേമചന്ദ്രൻ എംപി, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി തുടങ്ങിയവർ ഇന്നലെ വിസ്മയയുടെ വീട്ടിലെത്തി.

വിസ്മയയുടെയും അർച്ചനയുടെയും മരണം: സ്ത്രീധനപീഡന വകുപ്പു കൂടി ചേർക്കും

തിരുവനന്തപുരം∙ കൊല്ലം ശൂരനാട്ടെ വിസ്മയയുടെയും തിരുവനന്തപുരം വിഴിഞ്ഞത്തെ അർച്ചനയുടെയും മരണങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ സ്ത്രീധനപീഡനത്തിനെതിരായ വകുപ്പുകൾ ചേർക്കാൻ വനിതാ കമ്മിഷൻ നിർദേശം നൽകി. സ്ത്രീധന നിരോധന നിയമം (ഭേദഗതി), സെക്ഷൻ മൂന്നും ആറും വകുപ്പുകൾ, ഐപിസി 406 എന്നിവ  ചേർത്ത് അന്വേഷണം നടത്താനാണു പൊലീസിനു നിർദേശം. 

അധ്യക്ഷ എം.സി.ജോസഫൈൻ, അംഗങ്ങളായ എം.എസ്.താര, ഷിജി ശിവജി എന്നിവർ ഇരുവരുടെയും വീടുകൾ സന്ദർശിച്ചു തെളിവെടുത്തു. ആലപ്പുഴ വള്ളിക്കുന്നത്ത് മരണപ്പെട്ട സുചിത്രയുടെ വീട്ടിലും വനിതാ കമ്മിഷൻ തെളിവെടുത്തു. മരണം സംബന്ധിച്ചു ചില സംശയങ്ങളുണ്ടെന്ന് സുചിത്രയുടെ വീട്ടുകാർ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.  

English Summary: Vismaya death: Police probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com