ADVERTISEMENT

ശാസ്താംകോട്ട ∙ ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വി.നായരെ (മാളു–24) ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിനെ (30) കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മരണം സംബന്ധിച്ച ചില സംശയങ്ങൾക്കു സ്ഥിരീകരണം ഉണ്ടാക്കിയതിനു ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജനെ, കിരൺകുമാറിന്റെ വീട്ടിലെത്തിച്ചു പരിശോധന നടത്തും.‍

കിരണിന്റെ ബാങ്ക് അക്കൗണ്ടും വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മരവിപ്പിച്ചു. സ്ത്രീധനമായി നൽകിയ കാറും സ്വർണവും തൊണ്ടിമുതലാക്കി കോടതിയിൽ എത്തിക്കും. കിരണിന്റെ വിസ്മയയുടെയും 3 മൊബൈൽ ഫോണുകൾ ഡേറ്റ പുനഃസൃഷ്ടിക്കാനായി ഫൊറൻസിക്–സയന്റിഫിക് വിദഗ്ധർക്ക് കൈമാറി.

ചടയമംഗലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിത.വി.നായരുടെയും മകൾ വിസ്മയ 21ന് പുലർച്ചെ 3.30ന് ആണ് ശൂരനാടുള്ള ഭർതൃഗൃഹത്തിൽ മരിച്ചത്. വിസ്മയയുടെ ഭർത്താവായ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കൊല്ലം പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ സ്ത്രീധനപീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനും അംഗം എം.എസ്.താരയും നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ഡോ.ആർ.ബിന്ദു, എൻ.കെ.പ്രേമചന്ദ്രൻ എംപി, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി തുടങ്ങിയവർ ഇന്നലെ വിസ്മയയുടെ വീട്ടിലെത്തി.

English Summary: Vismaya death: Police to question Kiran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com