ADVERTISEMENT

കൊച്ചി ∙ ചാനലിലെ തത്സമയ പരിപാടിയിൽ സഹായം തേടിയവരോട് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ മോശമായി പെരുമാറിയതായി ആരോപണം. സ്ത്രീധന പീഡനം ചർച്ചയാകുന്ന സാഹചര്യത്തിൽ, വിവിധ പരാതികളിൽ വനിതാ കമ്മിഷന്റെ സഹായം തേടാൻ സ്ത്രീകൾക്ക് അവസരമൊരുക്കി മനോരമ ന്യൂസ് നടത്തിയ ‘എന്തിനു സഹിക്കണം’ എന്ന പരിപാടിക്കിടെ അധ്യക്ഷയിൽനിന്ന് ഇരയെ അപഹസിക്കുന്ന കമന്റ് ഉണ്ടായെന്നാണു പരാതി.

ചാനൽ പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യക്ഷയ്ക്കെതിരെ വൻ പ്രതിഷേധമുയർന്നു. ഭരണപക്ഷാനുകൂലികൾ പോലും ജോസഫൈന്റെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി.

ഭർത്താവിൽനിന്നു മർദനമേൽക്കുന്നുവെന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശിനി ലിബിനയോടുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണു വ്യാപകമായി പ്രചരിച്ചത്. ഇതിൽ, ‘ഭർത്താവ് തല്ലുന്നതു പൊലീസിലറിയിച്ചില്ലേ’ എന്ന ചോദ്യത്തിന് ഇല്ലെന്നു ലിബിന മറുപടി പറഞ്ഞപ്പോൾ, ‘എന്നാപ്പിന്നെ അനുഭവിച്ചോ’ എന്ന പ്രതികരണമാണ് അധ്യക്ഷയിൽ നിന്നുണ്ടാകുന്നത്. പരാതിക്കാരി ചെയ്തതു വിഡ്ഢിത്തമാണെന്നും ഒരിക്കൽ പിരിഞ്ഞ ശേഷം വീണ്ടും ഒത്തുതീർപ്പിലെത്തുകയും ഭർത്താവുമായി ഒരുമിച്ചു താമസിക്കുകയും ചെയ്തതിലൂടെ ഒരു കുട്ടി കൂടി ഉണ്ടായില്ലേ എന്നും അധ്യക്ഷ ചോദിക്കുന്നു. മറുപടി പറയാൻ ശ്രമിക്കുന്ന യുവതിയോടു ‘വെറുതേ ഇങ്ങനെ കൊട്ടക്കണക്കിനു സംസാരിക്കേണ്ട കാര്യമില്ല, മണ്ടത്തരങ്ങളെല്ലാം ചെയ്യുന്നതു സ്ത്രീകളാണു കൂടുതലും’ എന്നും ജോസഫൈൻ പറയുന്നുണ്ട്

ഇരയുടെ രഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ അധ്യക്ഷ ആവശ്യപ്പെട്ടതും വിമർശനത്തിനു വഴിവച്ചിട്ടുണ്ട്.

English Summary: Women's commission chief MC Josephine controversial remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com