ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്തിലൂടെ നേടുന്ന കള്ളപ്പണം ആഡംബര ജീവിതത്തിനു വിനിയോഗിക്കുന്ന അർജുൻ ആയങ്കി മറ്റുയുവാക്കളെയും സ്വർണക്കടത്തിലേക്ക് ആകർഷിക്കുന്നതായി കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു. ഉന്നതസ്വാധീനവും ആഡംബരവും യുവാക്കൾക്കു മുന്നിൽ പ്രദർശിപ്പിച്ചാണ് അർജുൻ യുവാക്കളെ സ്വർണക്കടത്തിൽ കാരിയർമാരാകാൻ വശീകരിക്കുന്നത്. 

ഇതിനായി സമൂഹമാധ്യമങ്ങളെയും പ്രതി ദുരുപയോഗിച്ചിട്ടുണ്ട്. കുറഞ്ഞകാലം കൊണ്ടു സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയനിലപാടുകൾ വഴി കേരളം മുഴുവൻ യുവാക്കളെ തന്നിലേക്ക് അടുപ്പിക്കാൻ അർജുനു കഴിഞ്ഞിട്ടുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളിലേക്കു യുവാക്കളെ ആകർഷിക്കുന്ന അർജുൻ  അപകടകാരിയാണെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഒരു കോടി രൂപയിൽ അധികം മൂല്യമുള്ള 2.33 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ  ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കസ്റ്റംസ് അർജുനെ അറസ്റ്റ് ചെയ്തത്. എന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ പോയതു തന്റെ സുഹൃത്ത് റമീസിന്റെ പക്കൽ നിന്നു വിദേശത്തു വച്ച് കാരിയർ ഷഫീഖ് കടം വാങ്ങിയ 15,000 രൂപ തിരികെ വാങ്ങാനാണെന്നാണ് അർജുന്റെ മൊഴി.

ഷഫീഖ് കള്ളക്കടത്തുകാരുടെ കാരിയറാണെന്നും  സംഭവദിവസം ഇയാൾ വരുന്നത് നിയമവിരുദ്ധമായ എന്തോ സാധനങ്ങളുമായാണെന്നും അറിയാമായിരുന്നു. അതു കടത്തുന്നതിന്  ഷഫീഖിനു 45,000 രൂപ ലഭിക്കുമെന്നും അറിയാമായിരുന്നു. ഈ തുകയിൽ നിന്ന് സുഹൃത്തിനു നൽകാനുള്ള 15,000 രൂപ തിരികെ വാങ്ങുകയായിരുന്നു ലക്ഷ്യം. വിമാനത്താവളത്തിലെത്തിയ കാറിൽ പണം കിട്ടാനുള്ള സുഹൃത്ത് റമീസുമുണ്ടായിരുന്നു. അർജുൻ ആയങ്കിയുടെ ഈ മൊഴികൾ കള്ളത്തരമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു

തന്റെ മൊബൈൽ ഫോൺ പുഴയിൽ വീണു പോയന്നും അർജുൻ ആയങ്കിയുടെ മൊഴിയുണ്ട്. മാധ്യമപ്രവർത്തകരിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നതിനിടയിലാണു മൊബൈൽ ഫോൺ പുഴയിൽ വീണതെന്നാണു വിശദീകരണം.

English Summary: Arjun Ayanki's luxurious life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com