ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പതിമൂവായിരത്തോളം കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ഏഴായിരത്തോളം കോവിഡ് മരണം ഔദ്യോഗിക പട്ടികയിൽനിന്നു പുറത്തായതായി ‘മനോരമ’ കണക്കുകൾ സഹിതം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ബാക്കി 8 ജില്ലകളിലായി ആറായിരത്തിലേറെ മരണം കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതോടെ, സംസ്ഥാനമാകെ 13,000 കോവിഡ് മരണം ഔദ്യോഗിക പട്ടികയ്ക്കു പുറത്തായി. ചില തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ ലഭിച്ചിട്ടില്ല; മറ്റു ചില സ്ഥലങ്ങളിൽ ഇന്നലെ വരെയുള്ള കണക്ക് ലഭ്യമായിട്ടില്ല. ഇവയെല്ലാം കൂടി ചേരുമ്പോൾ പുറത്തായവരുടെ എണ്ണം ഇനിയും ഉയരും.

ആശുപത്രികളിൽ നിന്നു തദ്ദേശസ്ഥാപനങ്ങൾക്കു യഥാർഥ മരണനിരക്കാണു കൈമാറിയിരുന്നത്. ഈ കണക്കു പരിശോധിച്ച സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി പല മരണങ്ങളും കോവിഡിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ചു വെന്റിലേറ്ററിൽ കഴിയവെ മരിച്ചവരെപ്പോലും ഒഴിവാക്കി. പ്രമേഹം, അർബുദം, ഹൃദ്രോഗം എന്നിവ ഉണ്ടായിരിക്കെ കോവിഡ് ബാധിച്ചു മരിച്ചവരെ മുഴുവൻ ഒഴിവാക്കിയെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന്റെ പട്ടികയിൽ നിന്ന് ഇവർ ഒഴിവാകും.

പാലക്കാട് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ മരണസംഖ്യ 1173; തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 2571. മലപ്പുറത്ത് ഔദ്യോഗിക കണക്ക് 1,197; തദ്ദേശസ്ഥാപനങ്ങളിൽ 2758. തൃശൂരിൽ ഔദ്യോഗികം 1390; ആരോഗ്യ വിഭാഗത്തിന്റെ മരണപ്പട്ടികയിൽ തന്നെ 2192 പേരുണ്ട്. പത്തനംതിട്ടയിൽ ഔദ്യോഗികം 431; തദ്ദേശ സ്ഥാപന കണക്കനുസരിച്ചു മാത്രം 933 കോവിഡ് മരണമുണ്ട്. കണ്ണൂരിൽ 850 പേർ മരിച്ചെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോൾ 1981 പേരുടെ മരണമാണു തദ്ദേശസ്ഥാപന രേഖകളിലുള്ളത്. കാസർകോട്ട് ഔദ്യോഗികം 235; യഥാർഥ മരണം 741. ഇടുക്കിയിൽ ഔദ്യോഗികം 143; തദ്ദേശസ്ഥാപനങ്ങളിലെ കണക്കിൽ 394. വയനാട്ടിൽ ഔദ്യോഗികം 227; യഥാർഥ മരണം 342.

English Summary: Around 13,000 covid deaths not reported

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com