ADVERTISEMENT

കണ്ണൂർ ∙ കോവിഡ് കാലത്ത് കേരളം കണ്ട ഏറ്റവും വലിയ കരുതലിന്റെ കരുത്തിൽ മുഹമ്മദ് ഇനി എണീറ്റു നിൽക്കും. ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്കായി 7 ദിവസം കൊണ്ട് മലയാളികൾ സമാഹരിച്ചത് 18 കോടി രൂപ. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന ഗുരുതര രോഗം ബാധിച്ച മുഹമ്മദിനു വേണ്ടിയാണ് ലോക മലയാളികൾ കൈകോർത്തത്.

ഇതേരോഗം ബാധിച്ചു തളർന്നുപോയ മുഹമ്മദിന്റെ സഹോദരി അഷ്റഫയുടെ ശബ്ദസന്ദേശമാണ് കുഞ്ഞു മുഹമ്മദിനു വേണ്ടിയുള്ള സ്നേഹപ്രവാഹത്തിനു തുടക്കം കുറിച്ചത്. അനങ്ങാൻ പോലും പ്രയാസപ്പെടുന്ന അഫ്റയെന്ന പതിനഞ്ചുകാരി വീൽചെയറിൽ ഇരുന്നു പറഞ്ഞ ഈ വാക്കുകളാണ് ലോകം ഏറ്റെടുത്തത്: ‘‘പെട്ടെന്നു മരുന്നു കൊടുത്താൽ എന്റെ കുഞ്ഞനുജനെങ്കിലും രക്ഷപ്പെടും. അതിനായി എല്ലാവരും മനസ്സുവയ്ക്കണം.’’

9 ലക്ഷം മലയാളികൾ 200 രൂപ വീതം നൽകിയാൽ മുഹമ്മദിന് പുതുജീവനേകാമെന്ന സമൂഹമാധ്യമത്തിലെ സന്ദേശം കേരളത്തിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികൾ പൂർണമായി ഏറ്റെടുത്തു. കല്യാശേരി എംഎൽഎ എം. വിജിനും പഞ്ചായത്ത് പ്രസിഡന്റ് ഫാരീഷയും ഉൾപ്പെടുന്ന സഹായ സമിതിയും രൂപീകരിച്ചു.

മാട്ടൂൽ സ്വദേശി പി.കെ. റഫീഖിന്റെയും പി.സി. മറിയുമ്മയുടെയും മൂന്നാമത്തെ മകനാണ് മുഹമ്മദ്. ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിലൊന്നായ സോൾജെൻസ്മയാണ് മുഹമ്മദിനു നൽകുക. 2 വയസ്സിനു മുൻപ് ഒറ്റത്തവണ മരുന്നു കുത്തിവച്ചാൽ രോഗം 90 ശതമാനവും ഭേദമാകുമെന്നു കുഞ്ഞിനെ ചികിത്സിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.

ഒരു വയസ്സു കഴിഞ്ഞിട്ടും കുഞ്ഞിനു നിൽക്കാൻ കഴിയാതെ വന്നതോടെയാണ് കഴിഞ്ഞ മാർച്ചിൽ രോഗം എസ്എംഎ ആണെന്നു കണ്ടെത്തുന്നത്. പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന ജനിതക രോഗമാണിത്. 

English Summary: Crowdfund of 18 crores recieved to save life of one-and-a-half-year-old child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com