ADVERTISEMENT

പത്തനാപുരം ∙ സ്വാമി പ്രകാശാനന്ദ ജനിച്ച കുന്നത്തു കുടുംബത്തിന്റെ തായ്‍വഴികളിൽപ്പെട്ട കളത്തരാടി തറവാട്ടിൽ 1916 ൽ എത്തിയ ശ്രീനാരായണ ഗുരു, അവിടെയുണ്ടായിരുന്ന കുന്നത്തു കുടുംബാംഗങ്ങളെ ചൂണ്ടി നിങ്ങളിൽ നിന്ന് ഒരാൾ ശിവഗിരിയുടെ ഭാഗമാകുമെന്നു പ്രവചിച്ചിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആ പ്രവചനം ശരിയായി. ശ്രീനാരായണഗുരു എത്തിയ കളത്തരാടി പടിപ്പുരയും പ്രകാശാനന്ദ ജനിച്ച വീടും കാലപ്പഴക്കത്തിൽ നശിച്ചെങ്കിലും ഗുരുദർശനങ്ങളോടുള്ള അഭിനിവേശത്തിൽനിന്ന്, ശിവഗിരി മഠാധിപതിയിലേക്കു വളർന്ന സ്വാമി പ്രകാശാനന്ദയിലൂടെ പിറവന്തൂർ ഗ്രാമം പുറംലോകത്തും പ്രകാശിച്ചു.  

കർഷക കുടുംബമായ കുന്നത്തു വീട്ടിൽ നാരായണന്റെയും വെളുമ്പിയുടെയും മകനായി ജനിച്ച കുമാരൻ ഗുരുഭക്തയായിരുന്ന അമ്മയോടൊപ്പം ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടത് ജീവിതത്തെ മാറ്റിമറിച്ചു. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു കൃഷിജോലിയിലേർപ്പെട്ടപ്പോഴും ഗുരു പ്രബോധന പ്രചാരക സംഘങ്ങളിൽ സജീവമായി. 

21–ാം വയസ്സിൽ കാർഷികവിളകളുമായി പുനലൂർ ചന്തയിലേക്കു പോയ കുമാരൻ വീട്ടിലേക്കു മടങ്ങിയില്ല. ശിവഗിരിയിൽ എത്തിയെന്നു വീട്ടുകാർ അറിയുന്നതു പോലും നാളുകൾക്കു ശേഷമാണ്. ഗുരുധർമ പ്രബോധനത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു വർഷങ്ങൾക്കു ശേഷമാണു പിന്നീടു പിറവന്തൂരിലെത്തുന്നത്.

ശിവഗിരി മഠത്തിലെ വിവിധ പദവികൾ വഹിച്ച സ്വാമി പിറവന്തൂരിലെ വിശേഷാൽ പരിപാടികളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ജാതി –മത ഭേദമെന്യേ ജനങ്ങൾ അദ്ദേഹത്തിന്റെ നവതി ആഘോഷിച്ചത് നാടിനോടു കാണിച്ചിരുന്ന സ്നേഹത്തിന് ഉദാഹരണം.

കുടുംബ ക്ഷേത്രമായ കുന്നത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും പങ്കാളിയായിരുന്നു സ്വാമി. കമുകുംചേരി ക്ഷേത്രക്കടവ് പാലം സാക്ഷാത്കരിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

Content Highlight: Swami Prakashananda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com