ADVERTISEMENT

ആലപ്പുഴ ∙ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പിൽ തന്റെ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്ന സിപിഎം കമ്മിഷനോടു പറയാനുള്ളത് വിശദ റിപ്പോർട്ടായിത്തന്നെ മുൻ മന്ത്രി ജി.സുധാകരൻ നൽകിയേക്കും. വസ്തുതകളും കണക്കുകളും വച്ചുള്ള വിശദ മറുപടിക്കാണു സാധ്യത. ആർക്കുമെതിരെ വ്യക്തിപരമായ പരാതിയോ ആക്ഷേപമോ ഉണ്ടാകാനിടയില്ല.

പാർട്ടിയിലെ എതിർവിഭാഗത്തിന്റെ ആക്രമണത്തെ നേരിടാൻ തന്നെയാണു സുധാകരന്റെ തീരുമാനമെന്ന് അറിയുന്നു. പാർട്ടിയിൽ ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’ ഉണ്ടെന്ന് സുധാകരൻ നേരത്തേ പറഞ്ഞിരുന്നു. ആ നിലപാടിൽ വിട്ടുവീഴ്ച ചെയ്തിട്ടുമില്ല.

പറയാനുള്ളത് അന്വേഷണ കമ്മിഷനോടു തുറന്നുപറയുക, എന്നാൽ പാർട്ടി അച്ചടക്കം കർശനമായി പാലിക്കുക എന്ന നിലപാടാകും അദ്ദേഹം തുടർന്നും സ്വീകരിക്കുകയെന്ന് അടുപ്പമുള്ളവർ സൂചിപ്പിച്ചു. പരസ്യ പ്രതികരണത്തിലൂടെയും മറ്റും സ്വയം ദുർബലനാകാതെ ശ്രദ്ധിക്കുന്നുമുണ്ട്. ഈ നിലപാടിലൂടെ പാർട്ടിയിലും പുറത്തും പിന്തുണ വർധിക്കുന്നുണ്ടെന്നാണു വിലയിരുത്തൽ.

പാർട്ടിയിൽനിന്നു സുധാകരനെ കടപുഴക്കാനുള്ള സംഘടിത ശ്രമമുണ്ടായെന്ന് ഒരുവിഭാഗം വിശ്വസിക്കുന്നു. ആരോപണങ്ങൾ ഈ പശ്ചാത്തലത്തിൽ വിശകലനം ചെയ്താൽ സംസ്ഥാന നേതൃത്വത്തിന് അദ്ദേഹത്തിന്റെ നിലപാടു ബോധ്യപ്പെടുമെന്ന ആത്മവിശ്വാസം അടുപ്പമുള്ളവർ പ്രകടിപ്പിക്കുന്നു. വസ്തുതകൾ പരിശോധിച്ച് ആലപ്പുഴ ജില്ലാ നേതൃത്വം തന്നെ പരിഹാരം കാണുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.

സുധാകരൻ വർഗവഞ്ചകനാണെന്നും രക്തസാക്ഷികൾ മാപ്പു നൽകില്ലെന്നുമുള്ള ഒളിയമ്പു പ്രചാരണം അദ്ദേഹത്തെയും കുടുംബത്തെയും വേദനിപ്പിച്ചിട്ടുണ്ട്. സുധാകരന്റെ സ്വന്തം സഹോദരൻ തന്നെ രക്തസാക്ഷിയാണെന്നതു മറന്നവരാണ് അത്തരം പ്രയോഗങ്ങൾ നടത്തിയതെന്ന വികാരമുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ മറ്റൊരു നേതാവിനും ഇങ്ങനെയൊരു പശ്ചാത്തലം അവകാശപ്പെടാനാവില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമ്പലപ്പുഴ വഴി ആലപ്പുഴയിൽ?

സിപിഎമ്മിലെ ചർച്ചയും അന്വേഷണവും അമ്പലപ്പുഴയെപ്പറ്റിയാണെങ്കിലും അതു ചുറ്റിത്തിരിഞ്ഞ് ആലപ്പുഴയിലുമെത്തിയതിനെ സ്വകാര്യമായി സ്വാഗതം ചെയ്യുന്നവരുണ്ട് പാർട്ടിയിൽ. വോട്ട് കണക്കുപ്രകാരം,

അമ്പലപ്പുഴയിലേതിനെക്കാൾ ശ്രദ്ധേയമായ നഷ്ടം ആലപ്പുഴയിൽ സംഭവിച്ചെന്നാണ് അവരുടെ പക്ഷം. അമ്പലപ്പുഴയിൽ ഇത്തവണ എൽഡിഎഫിന് 2.5% വോട്ട് കുറഞ്ഞെങ്കിൽ ആലപ്പുഴയിൽ കുറവ് 4.5% ആണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അരൂരിലും വലിയ കുറവുണ്ടായി. എന്നാൽ, അതിന്റെയൊക്കെ ഉത്തരവാദിത്തം അവിടെ മുൻപു മത്സരിച്ചവർക്കാണെന്നു പറയാനാവില്ല. അമ്പലപ്പുഴയിൽ മാത്രം അത്തരം ‘കണ്ടെത്തൽ’ ഉണ്ടാകുന്നതിലുള്ള വിമർശനം പാർട്ടി ചർച്ചകളിൽ ഉയരാനിടയുണ്ട്. 

English Summary: G. Sudhakaran may submit detailed report to party commission investigating his involvement during assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com