ADVERTISEMENT

തൃശൂർ ∙ കൊടകര കുഴൽപണക്കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം പൊലീസ് ഉന്നയിക്കും. പണത്തിന്റെ ഉറവിടവും പാർട്ടി ബന്ധവും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുക. ബിജെപി നേതാക്കളുടെ ബന്ധം സംബന്ധിച്ചു ശേഖരിച്ച വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയെ ബോധിപ്പിക്കും. പണം ബിജെപി തിരഞ്ഞെടുപ്പ് ആവശ്യത്തിനു കൊണ്ടുവന്നതാണെന്നതിന് ലഭിച്ച തെളിവുകൾ ഇഡിക്കും  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ടായി സമർപ്പിക്കുമെന്നു പൊലീസ് സൂചിപ്പിച്ചു.

കുഴൽപണം കവർച്ച ചെയ്യപ്പെട്ട സംഭവത്തിലാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും അന്വേഷണത്തിന്റെ ഏറിയപങ്കും പണത്തിന്റെ ഉറവിടവും ഇതിനു ബിജെപിയുമായുള്ള ബന്ധവും കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ കുറ്റപത്രം കവർച്ച സംബന്ധിച്ചു മാത്രമായതിനാൽ നേതാക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കുറ്റപത്രം 26നു മുൻപ് സമർപ്പിക്കും. 3.5 കോടി രൂപ ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്ന് ഇതേ കേസിൽ പ്രത്യേക അന്വേഷണസംഘം കോടതിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം 90  ദിവസം തികയുമെന്നതിനാൽ പണം മുഴുവൻ കണ്ടെടുക്കുന്നതിനു മുൻപു തന്നെ കുറ്റപത്രം സമർപ്പിക്കേണ്ടി വരും. കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയിൽ 2.25 കോടിയിലേറെ രൂപ ഇനിയും കണ്ടെടുക്കാനുണ്ട്. 22 പ്രതികളാണു ജയിലിലുള്ളത്.  

കവർച്ചക്കേസിൽ മാത്രം കുറ്റപത്രം നൽകി കുഴൽപണം അവസാനിപ്പിക്കാൻ പൊലീസിനു കഴിയില്ല. അങ്ങനെയെങ്കിൽ പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും കടത്തിക്കൊണ്ടുവന്ന രീതി സംബന്ധിച്ചും ബിജെപിയുടെ സംസ്ഥാന നേതാക്കൾ അടക്കമുള്ളവരെ  പൊലീസ് വിളിച്ചു വരുത്തി അന്വേഷണം നടത്തിയത് എന്തിനെന്ന ചോദ്യം വരും. അതിനാൽ പണത്തിന്റെ ഉറവിടവും വരവും സംബന്ധിച്ചു വിശദമായ അന്വേഷണം തുടരാനും നേതാക്കളുടെ പങ്കു രേഖയാക്കാനും തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രാഥമിക റിപ്പോർട്ട് ഇഡിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൊടകര കേസും സ്വർണക്കടത്തും ഒത്തുതീർപ്പാക്കി: വി.ഡി.സതീശൻ

കാസർകോട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത് കൊടകര കുഴൽപണക്കേസും സ്വർണക്കടത്തുകേസും ഒത്തുതീർപ്പാക്കാൻ വേണ്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ബിജെപി നേതാക്കൾ കൊടകര കേസിൽ പ്രതിപ്പട്ടികയിൽ വരാത്തതിനു കാരണമിതാണ്. ഒത്തുതീർപ്പ് സന്ദർശനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കൂടെക്കൂട്ടാമായിരുന്നു,

കുഴൽപണ കേസിൽ എല്ലാ തെളിവുകളും ലഭിച്ച് 4 മാസം പിന്നിട്ടിട്ടും സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചില്ല. കേസിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര വ്യക്തമായിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു. 

English Summary: Kodakara tube money case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com