ADVERTISEMENT

തിരുവനന്തപുരം ∙ ചരിത്ര വിജയവുമായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയിട്ട് ഇന്നു 2 മാസം പൂർത്തിയാകുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രഖ്യാപനങ്ങളുടെ കൈ പിടിച്ചാണു സർക്കാർ ഭരണം തുടങ്ങിയത്. പതിവിനു വിപരീതമായി മധുവിധു കാല ഇടവേള പോലുമില്ലാതെ വിവാദങ്ങളും തുടക്കത്തിൽ തന്നെ പിടിച്ചുലയ്ക്കുകയും ചെയ്തു.

കോവിഡ് പാക്കേജും 20 ലക്ഷം പേർക്കു തൊഴിലും ഉൾപ്പെടെ ആദ്യ ബജറ്റിലെയും 100 ദിവസ കർമപദ്ധതിയിലെയും പ്രഖ്യാപനങ്ങൾ ജനങ്ങൾ കയ്യടിയോടെയാണു സ്വീകരിച്ചത്. രാഷ്ട്രീയ ഭിന്നതകൾക്കിടയിലും പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയും സർക്കാരിന്റെ നേട്ടപ്പട്ടികയിലുണ്ട്.

അതേസമയം, വിവാദങ്ങൾ തുടക്കത്തിൽ തന്നെ കല്ലുകടിയായി. മരം കൊള്ള വിവാദത്തിൽ സർക്കാരിനു മറുപടി പോലും പറയാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയതലത്തിൽ ചർച്ചയായ കിറ്റെക്സ് വിവാദം സർക്കാരിനും കേരളത്തിനാകെയും തിരിച്ചടിയായി. സ്വർണക്കടത്ത്, ക്വട്ടേഷൻ, ശിശു പീഡനം ഉൾപ്പെടെ കുറ്റകൃത്യങ്ങളിലെ പാർട്ടി അണികളുടെ സാന്നിധ്യവും സർക്കാരിനു ക്ഷീണമായി. കോവിഡ് മരണക്കണക്കിലെ പൊരുത്തക്കേട് വെളിച്ചത്തായതോടെ അവകാശവാദങ്ങൾ സംശയ നിഴലിലായി.

നേട്ടങ്ങൾ

∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച, തിരുവനന്തപുരം ലൈറ്റ് മെട്രോ, കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നിവയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച ഉറപ്പ്, സിൽവർ ലൈൻ വേഗ റെയിൽപാതയ്ക്കു പിന്തുണ.

∙ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപനം.

∙ 5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ, 100 ദിവസം കൊണ്ട് 77,350 പേർക്കു തൊഴിൽ, 10,000 പേർക്കു വീട് എന്നീ പ്രഖ്യാപനങ്ങൾ

∙ കോവിഡ് വ്യാപനത്തിനിടയിലും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ നടത്തിപ്പ്.

∙ റവന്യു സെക്രട്ടേറിയറ്റ് രൂപീകരണം, 8 ജില്ലകളിൽ വനിതാ കലക്ടർമാരുടെ നിയമനം.

∙ പ്രതിമാസം 30 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് സൗജന്യ വൈദ്യുതി.

∙ 7000 അധ്യാപകരുടെ നിയമനത്തിന് അംഗീകാരം

∙ ചെറുകിട വ്യവസായത്തിന് 1416 കോടിയുടെ സഹായം.

∙ സൗജന്യ കിറ്റ് വിതരണത്തിന്റെ തുടർച്ച

വിവാദങ്ങൾ

∙ അനധികൃത മരം മുറിയിലെ സർക്കാർ ബന്ധം

∙ ന്യൂനപക്ഷ സ്കോളർഷിപ് നയം

∙ കരിപ്പൂർ സ്വർണക്കടത്ത്, പീഡന കേസുകളിലെ പാർട്ടി ബന്ധം

∙ കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനവും 3 മാസത്തിനിടെയുണ്ടായ 10,000 മരണങ്ങളും 

∙ കോവിഡ് മരണക്കണക്കുകൾ മറച്ചുവച്ചെന്ന ആക്ഷേപവും സുപ്രീം കോടതി വിധി വന്നതോടെ തള്ളിക്കളഞ്ഞവ ഉൾപ്പെടുത്താനുള്ള തീരുമാനവും

∙ അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ

∙ വനിതാ കമ്മിഷൻ അധ്യക്ഷയുടെ സ്ത്രീവിരുദ്ധ പരാമർശവും രാജിയും

∙ കിറ്റെക്സ് വിവാദവും പ്രഖ്യാപിച്ച പദ്ധതിയിൽ നിന്നുള്ള അവരുടെ പിന്മാറ്റവും

∙ നിയമസഭാ അതിക്രമക്കേസ് പിൻവലിക്കാനുള്ള നീക്കത്തിനു സുപ്രീം കോടതിയിൽ നിന്നുള്ള തിരിച്ചടി

∙ സ്ത്രീധന പീഡന ആത്മഹത്യകളും ഗവർണറുടെ നിരാഹാരവും

English Summary: Two months since Pinarayi Vijayan's second term started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com