ADVERTISEMENT

തിരുവനന്തപുരം ∙ സ്ത്രീപീഡനക്കേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ ഇപ്പോൾ കൈവിടേണ്ടെന്നു സിപിഎമ്മും സർക്കാരും ധാരണയിലെത്തി. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം അംഗീകരിക്കാനാകില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സിപിഎമ്മിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ രാവിലെ ക്ലിഫ് ഹൗസിൽ കണ്ടു ശശീന്ദ്രൻ തന്റെ ഭാഗം വിശദീകരിച്ചു.

യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ചെന്നു മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ ശശീന്ദ്രൻ സമ്മതിച്ചു. എന്നാൽ കേസ് പിൻവലിക്കണമെന്നോ ഒത്തുതീർക്കണമെന്നോ നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. പരാതി പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ശശീന്ദ്രൻ ഇടപെട്ടെന്നു യുവതി മൊഴി നൽകിയാൽ അതും അന്വേഷിക്കേണ്ടി വരും. ഇത്തരമൊരു പരാതിയിൽ ജാഗ്രതയില്ലാതെ ഇടപെടരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

ശബ്ദരേഖയുടെ മാത്രം അടിസ്ഥാനത്തിൽ രാജി വേണ്ടെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ ഇടപെടൽ സംബന്ധിച്ചു പാ‍ർട്ടി നേതൃത്വത്തോടു പരാതിപ്പെടാതെ മാധ്യമങ്ങളെ ഉപയോഗിച്ചതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളാണെന്ന എൻസിപിയുടെ അഭിപ്രായം തൽക്കാലം മുഖവിലയ്ക്കെടുക്കും. എന്നാൽ ശശീന്ദ്രനെതിരായ പരാതിയിൽ യുവതി ഉറച്ചു നിൽക്കുകയും കോടതിയിലും മറ്റും എത്തുകയും ചെയ്താൽ ഇപ്പോഴത്തെ സംരക്ഷണം ലഭിക്കണമെന്നില്ല.

ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: യുവതി

കൊല്ലം ∙ സ്ത്രീകൾക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ മന്ത്രി ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു പരാതിക്കാരിയായ യുവതി ആരോപിച്ചു. കേരളത്തിൽ സ്ത്രീകൾക്ക് ഇത്ര സുരക്ഷയേ കിട്ടൂ എന്ന സന്ദേശമാണു മുഖ്യമന്ത്രി നൽകുന്നത്. മന്ത്രിസ്ഥാനത്തിരുന്ന് അരുതാത്ത കാര്യങ്ങൾ ചെയ്ത ശശീന്ദ്രൻ രാജിവച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. പി.സി. ചാക്കോയുടെ നിർദേശപ്രകാരമാണു മന്ത്രി ശശീന്ദ്രൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നു യുവതിയുടെ പിതാവും ആരോപിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഇന്നലെ വീട്ടിൽ പോയെങ്കിലും അവിടെ ഇല്ലായിരുന്നു. ഇന്നു വീണ്ടും പോകും.

സഭ ഇന്നുമുതൽ; പ്രക്ഷുബ്ധമാകും

തിരുവനന്തപുരം ∙ ശശീന്ദ്രൻ വിവാദം ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാൻ സാധ്യത. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്നും രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

Cartoon

English Summary: CPM decided to not resign AK Saseendran in phone call row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com