493 പിഎസ്‌സി റാങ്ക് പട്ടികകൾ റദ്ദാകുന്നു; ആശങ്കയോടെ പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ

SHARE

തിരുവനന്തപുരം∙ കാലാവധി നീട്ടിയ 493 പിഎസ്‌സി റാങ്ക് പട്ടികകൾ ഓഗസ്റ്റ് 4നു റദ്ദാകുന്ന സാഹചര്യത്തിൽ പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ സർക്കാർ ജോലിക്കായി ആശങ്കയോടെ കാത്തിരിക്കുന്നു. റദ്ദാകുന്ന പല റാങ്ക് പട്ടികകൾക്കും പകരം പട്ടിക തയാറാക്കുന്ന നടപടി എങ്ങുമെത്തിയിട്ടില്ല. പുതിയ പട്ടിക വരാൻ മാസങ്ങൾ എടുക്കും.നിലവിലുള്ള പല പട്ടികകളിൽ നിന്നും പ്രതീക്ഷിച്ച നിയമനവും ഇതേ വരെ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ റാങ്ക് പട്ടികകളുടെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടണമെന്ന ആവശ്യം ശക്തമാണ്. 6 മാസത്തേക്കോ പുതിയ പട്ടിക നിലവിൽ വരുന്നതു വരെയോ നീട്ടിയാൽ കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം നൽകാം.

നാലിനു മുൻപു മന്ത്രിസഭാ യോഗം കാലാവധി നീട്ടാൻ ശുപാ‍ർശ ചെയ്യുകയും നാലിനെങ്കിലും പിഎസ്‌സി ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയും വേണം. റാങ്ക് പട്ടികകൾ കാലഹരണപ്പെട്ടു കഴിഞ്ഞാൽ നീട്ടുന്നതിനു നിയമം അനുവദിക്കുന്നില്ല. വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സെർവന്റ്, സപ്ലൈകോയിൽ അസി.സെയിൽസ്മാൻ, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തുടങ്ങിയ പ്രധാന റാങ്ക് പട്ടികകളിൽ മാത്രം ജോലിക്കായി കാത്തിരിക്കുന്നത് എൺപതിനായിരത്തിൽ ഏറെ പേരാണ്.

റദ്ദാകുന്ന പല റാങ്ക് പട്ടികകളിലെയും നാലിലൊന്ന് ഉദ്യോഗാർഥികൾക്കു പോലും ഇതു വരെ നിയമനം ലഭിച്ചിട്ടില്ല. ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികകളിൽ ഇതുവരെ നടന്നത് 14% നിയമന ശുപാർശ മാത്രമാണ്. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 36,783 പേരിൽ 9933 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. ലിസ്റ്റിലെ 73% ശതമാനം പേർക്കും നിയമനം ആയിട്ടില്ല. അസി.സെയിൽസ്മാൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 83% പേർക്കും നിയമനം ലഭിച്ചിട്ടില്ല. സ്റ്റാഫ് നഴ്സിന്റെ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 10,814 പേരാണ് എല്ലാ ജില്ലകളിലുമായി ഉള്ളത്. 2407 പേർക്കു മാത്രമാണു നിയമന ശുപാർശ ലഭിച്ചത്. 

റദ്ദാകുന്നവയിൽ സംസ്ഥാന, ജില്ലാതല റാങ്ക് പട്ടികകൾ ഉണ്ട്. കഴിഞ്ഞ ഫെബ്രുവരി 5 മുതൽ അടുത്ത മാസം 3 വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന വിവിധ റാങ്ക് പട്ടികകളാണ് ഓഗസ്റ്റ് 4 വരെ നീട്ടിയത്. പട്ടികകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതിനാൽ സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ഒഴിവും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നു മന്ത്രിമാർ ഉറപ്പാക്കണമെന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാർക്കു മന്ത്രിമാർ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമന അധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയിരുന്നു.

മുഖ്യമന്ത്രിയും സർക്കാരും എത്ര മുന്നറിയിപ്പു നൽകിയാലും പല ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ ശേഷിക്കുമെന്നാണ് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉദ്യോഗാർഥികളുടെ വാദം. ഈ സാഹചര്യത്തിൽ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുകയാണ് പരിഹാരം.

English Summary: Government cancelling PSC rank lists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA