കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിച്ചതായി ഇഡിക്ക് വിവരം

HIGHLIGHTS
  • സംസ്ഥാന ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറി
  • തട്ടിപ്പിന്റെ വ്യാപ്തി കൂടുതലെന്ന് ജോയിന്റ് റജിസ്ട്രാറുടെ റിപ്പോർട്ട്
SHARE

തൃശൂർ ∙ സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ– നിക്ഷേപത്തട്ടിപ്പു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽ കാന്തിന്റെ ഉത്തരവ്. പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണു നിർദേശം. അതേസമയം, ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെള‍ുപ്പിച്ചിട്ട‍ുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ഇഡി പൊലീസിനോട് ആരാഞ്ഞു.

തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടണമെന്നു റൂറൽ പൊലീസ് മേധാവി ഡിജിപിയോടു ശുപാർശ ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണം വരാനുള്ള സാധ്യത കൂടി മുൻകൂട്ടി കണക്കിലെടുത്താണ് കേസ് കൈമാറിയത്. സംഭവത്തെക്കുറിച്ചു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ സംസ്ഥാന സഹകരണ റജിസ്ട്രാർക്കു നൽകിയ രഹസ്യ റിപ്പോർട്ടിലും അഴിമതി സ്ഥിരീകരിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയിൽ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കാൻ സഹകരണ വകുപ്പ് അധികൃതർ വിസമ്മതിച്ചു.

ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെല്ലാം ഒളിവിലാണെന്നു കണ്ടെത്തി. ഇവരുടെ ബെനാമികളെന്നു സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. എല്ലാ സഹകരണ സംഘങ്ങളിലും സാമ്പത്തിക വർഷാവസാനം സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും കരുവന്നൂരിലെ 6 വർഷം നീണ്ട തട്ടിപ്പ് പിടിക്കപ്പെടാതിരുന്നതിനു പിന്നിൽ ഉന്നത രാഷ്ട്രീയസ്വാധീനമുണ്ടെന്ന ആരോപണവും ബലപ്പെടുന്നു.

Content Highlight: Karuvannor Bank Fraud Case  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA