മരംമുറി: ഉദ്യോഗസ്ഥരെ ഒഴിവാക്കി വനം വകുപ്പിൽ കൂട്ട കേസെടുപ്പ്

HIGHLIGHTS
  • ഒത്താശ ചെയ്ത വനം–റവന്യു ഉദ്യോഗസ്ഥരെ പ്രതികളാക്കാതെ 328 കേസുകൾ
Tree-Cutting
SHARE

തിരുവനന്തപുരം ∙ മരം മുറിച്ചവരെയും അതു കടത്തി വിറ്റവരെയും മാത്രം പ്രതിയാക്കി വനം വകുപ്പ് 318 കേസുകൾ റജിസ്റ്റർ ചെയ്തു. ക്രിമിനൽ കുറ്റം ചുമത്തി വേറെ 10 കേസ് പൊലീസും എടുത്തു. 

വനം നിയമ പ്രകാരം കേസെടുത്തില്ലെങ്കിൽ വനം ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കി കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് മുന്നറിയിപ്പു നൽകിയതോടെയാണു കൂട്ടത്തോടെ കേസെടുക്കാൻ തയാറായത്. ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന വിധത്തിൽ സർക്കുലർ ഇറക്കാമെന്ന ഉറപ്പും കിട്ടിയിട്ടുണ്ട്. വിവിധ റേഞ്ച് ഓഫിസുകളിൽ വർഷങ്ങളായി പൂഴ്ത്തിവച്ച മഹസറുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസ്. ഇത്തരം 581 മഹസറുകൾ പ്രത്യേക സംഘം കണ്ടെത്തി. മരംമുറിക്ക് ഒത്താശ ചെയ്ത വനം–റവന്യു ഉദ്യോഗസ്ഥർ ഈ കേസുകളിൽ പ്രതികളല്ല.

അനധികൃത മരംമുറിയുമായി ബന്ധപ്പെട്ടു കേസുകൾ റജിസ്റ്റർ ചെയ്യാൻ ഈ മാസമാദ്യം പ്രത്യേക സംഘം വനംവകുപ്പിനു നിർദേശം നൽകിയിരുന്നു. എന്നാൽ 2020 ഒക്ടോബറിലെ വിവാദ റവന്യു ഉത്തരവിനു പിന്നാലെ നടന്ന മരം മുറി സംബന്ധിച്ച് റജിസ്റ്റർ ചെയ്ത 111 കേസുകൾ അല്ലാതെ കൂടുതൽ എടുക്കാൻ വനം ഉദ്യോഗസ്ഥർ തയാറായില്ല. അവരുടെ സംഘടനകൾ വനം മന്ത്രിയെ കണ്ടും ഇക്കാര്യം അറിയിച്ചു.

അതോടെ പ്രത്യേക സംഘം മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥരുടെ യോഗം ആലുവയിൽ വിളിച്ചു. മരം നഷ്ടപ്പെട്ട കേസുകളിലെല്ലാം നിലവിലെ മഹസറിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ചു. മരം കടത്താൻ പാസ് നൽകിയ തങ്ങൾ എങ്ങനെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. നിങ്ങൾ എടുത്തില്ലെങ്കിൽ നിങ്ങളെക്കൂടി ഉൾപ്പെടുത്തി പൊലീസ് കേസെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

വനം കേസിൽ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നു പിഴ ഈടാക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ്, ബാധ്യത ഉദ്യോഗസ്ഥന് മേൽ വരില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ ഇറക്കാം എന്ന ഉറപ്പ്. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ മരം മുറി സംഘം പ്രവർത്തിച്ചതായി തെളിഞ്ഞ സാഹചര്യത്തിലാണ് വനം കേസുകൾക്കു പുറമേ ക്രിമിനൽ കുറ്റം ചുമത്തി പൊലീസ് 10 കേസ് എടുത്തത്.

English Summary: Case registered avoiding officers in tree felling issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA