ADVERTISEMENT

കൊച്ചി ∙ നഗരത്തിലെ ഓട വൃത്തിയാക്കാനായി ഇറങ്ങി ശ്വാസം മുട്ടി മരിച്ച തമിഴ്നാട് സ്വദേശികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നു ഹൈക്കോടതി ഇടപെട്ടതോടെ തുക നൽകാമെന്നു ജല അതോറിറ്റി കോടതിയിൽ അറിയിച്ചു. 

ജനറൽ ആശുപത്രിക്കു പിൻവശത്ത് കൊളംബോ ജംക്‌ഷനിലെ റോഡിൽ ആൾനൂഴി (മാൻഹോൾ) വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശികളും ബന്ധുക്കളുമായ മായാവ് (65), രാജു (42) എന്നിവരാണു 2014 ഏപ്രിൽ 13ന് മരിച്ചത്. ജല അതോറിറ്റിയുടെ കരാർ ജോലിയുടെ ഭാഗമായാണ് ഇവർ ഓട വൃത്തിയാക്കാൻ ഇറങ്ങിയത്. പത്തടിയിലേറെ താഴ്‌ചയുള്ള ഹോളിലൂടെ ഇറങ്ങിയ ശേഷമാണു ശുചിമുറി മാലിന്യം അടക്കമുള്ളവ കടന്നുപോകുന്ന ഓട വൃത്തിയാക്കുന്നത്.

സഫായി കർമചാരി ആന്ദോളൻ കേസിൽ 2014ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള 10 ലക്ഷം രൂപ വീത‌ം നഷ്ടപരിഹാരം മായാവിന്റെയും രാജുവിന്റെയും കുടുംബങ്ങൾക്കു നൽകാൻ ജല അതോറിറ്റി നടപടിയെടുക്കാൻ 4 മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരാണെന്ന് ജല അതോറിറ്റി വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. തുടർന്നാണ് ഉത്തരവു നടപ്പാക്കി റിപ്പോർട്ട് ഉടൻ നൽകാമെന്ന് അതോറിറ്റി വ്യക്തമാക്കിയത്.

മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായിരുന്ന ബേസിൽ അട്ടിപ്പേറ്റിയാണു ഹൈക്കോടതി യെ സമീപിച്ചത്.

English Summary: Manhole death: Water authority ready to give compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com