ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന നേതൃത്വം വിയോജിച്ച സാഹചര്യത്തിൽ പുന:സംഘടനാ ചർച്ചകൾക്കായി എഐസിസി സെക്രട്ടറിമാരെ നിയോഗിക്കാനുള്ള നീക്കം ഹൈക്കമാൻഡ് ഉപേക്ഷിച്ചു. എന്നാൽ അഴിച്ചു പണി നീണ്ടു പോകരുതെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. പുതിയ ഡിസിസി പ്രസിഡന്റുമാരെയെങ്കിലും ഓണത്തിനു മുൻപ് പ്രഖ്യാപിക്കണമെന്നാണ് നിർദേശം. ഇതോടെ നേതൃത്വം തിരക്കിട്ട് പുന:സംഘടനാ ചർച്ച തുടങ്ങി.

നേതാക്കളായ കെ.സുധാകരൻ, വി.ഡി.സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കൂടിയാലോചനകൾ നടത്തി. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും നിയമനം പാക്കേജ് ആയി കൊണ്ടുവരാനാണ് ശ്രമം. ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കാവുന്ന നേതാക്കളുടെ പേരുകൾ പ്രാഥമികമായി ചർച്ച ചെയ്തു.

ഗ്രൂപ്പ് വീതം വയ്പ് പാടില്ലെന്ന പൊതു ധാരണ രൂപപ്പെട്ടു. മികവും കാര്യപ്രാപ്തിയുമുള്ള ഒരാൾക്ക് താൻ തഴയപ്പെട്ടെന്നും പ്രാഗല്ഭ്യം കുറഞ്ഞവർ ഭാരവാഹിയായെന്നുമുള്ള തോന്നൽ വരരുത്. ഡിസിസി പ്രസിഡന്റുമാർക്ക് പ്രായപരിധി നിർബന്ധ മാനദണ്ഡമാക്കില്ല. മുഴുസമയ പ്രവർത്തനം വേണ്ട ചുമതലയായതിനാൽ ജനപ്രതിനിധികളെ ആ പദവിയിലേക്കു പരിഗണിക്കില്ല.

നേരത്തേ എഐസിസി സെക്രട്ടറിമാർ ഓരോ ജില്ലയിലും എത്തി നൽകുന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ അഴിച്ചുപണി നടത്താനായിരുന്നു കേന്ദ്ര നീക്കം. എന്നാൽ മികവു വിലയിരുത്തി പേരുകൾ നിർദേശിക്കാൻ കഴിയുന്നത് സംസ്ഥാന നേതാക്കൾക്കാണ് എന്നു ചൂണ്ടിക്കാട്ടിയതോടെയാണ് അവരുടെ സന്ദർശനം വേണ്ടെന്നു വച്ചത്.

Content Highlight: Congress restructure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com