ADVERTISEMENT

തൃശൂർ ∙ കൊടകരയിൽ പണം കടത്താൻ ഉപയോഗിച്ചതു പ്രത്യേകം തയാറാക്കിയ വാഹനം. ഇതേ വാഹനത്തിൽ കേരളത്തിന്റെ പലഭാഗത്തും ബിജെപി നേതാക്കളുടെ നിർദേശപ്രകാരം പണമെത്തിച്ചതായുള്ള ധർമരാജന്റെ മൊഴി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

കോഴിക്കോടു വച്ചു പ്രത്യേകം പണിയിച്ചതാണു സീറ്റിനടിയിലെ രഹസ്യ അറകളും തുറക്കാനുള്ള സ്വിച്ചും. തട്ടിയെടുത്ത സംഘം കാറിനുൾവശം കുത്തിപ്പൊളിച്ചാണു പണം കണ്ടെത്തിയത്. രഹസ്യ അറ തയാറാക്കാൻ 3 ലക്ഷം രൂപ ചെലവാക്കിയെന്നു കുറ്റപത്രം പറയുന്നു.

ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി കേരളത്തിലേക്കു കള്ളപ്പണം എത്തിക്കാൻ കോഴിക്കോട്ടെ ഹവാല ഏജന്റുമാരെയും നിയോഗിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ആവശ്യത്തിനായി 17 കോടി രൂപ കടത്താനാണു ഏജന്റുമാരെ നിയോഗിച്ചത്. വിവരം കവർച്ചാ സംഘത്തിനു ലഭിച്ചതു ഏജന്റുമാർ വഴിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

കവർച്ച മുതലിൽ വീണ്ടും മോഷണം

തൃശൂർ ∙ കൊടകര കവർച്ച കേസിൽ തട്ടിയെടുത്ത പണം വീതം വയ്ക്കുന്നതിനിടെ വീണ്ടും മോഷണം നടന്നതായി വിവരം. ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ വച്ചു കാർ കുത്തിപ്പൊളിച്ചു 3.5 കോടി രൂപ എടുത്തശേഷം ഇതു വീതം വയ്ക്കുമ്പോഴാണ് 23 ലക്ഷം രൂപയുടെ രണ്ടാം മോഷണം നടന്നത്. 2 കോടി രൂപ കണ്ണൂർ സംഘത്തിന്റെ തലവൻ അലിക്കുള്ളത് എന്നായിരുന്നു തീരുമാനം. 

‘ഓപ്പറേഷൻ’ നടത്തിയ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട സംഘത്തിന് 1.5 കോടി രൂപയും. ഇതിൽ 50 ലക്ഷം എടുത്ത ശേഷം ബാക്കി ഒരു കോടി രഞ്ജിത് സംഘാംഗങ്ങൾക്കു വീതിച്ചു നൽകി. ഈ സമയത്തു കണ്ണൂർ അലിയും ഇരിങ്ങാലക്കുട രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായി. ഈ ബഹളത്തിനിടയിൽ  ഒൻപതാം പ്രതി ബാബു കണ്ണൂർ സംഘത്തിനു നീക്കിവച്ച പണത്തിൽ നിന്ന് 23 ലക്ഷം കവർന്നു. 

3.5 കോടി രൂപയിൽ 1.46 കോടി കഴിച്ചുള്ളത് ഇനിയും കണ്ടെത്താനാവാതെ അന്വേഷണസംഘം വലയുമ്പോൾ അതിൽ നല്ലൊരു പങ്കും ധൂർത്തടിച്ചു പോയെന്നു വിവരം. പ്രതികളിലൊരാളായ രഞ്ജിത് ഒളിവിൽ താമസിച്ചത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. പ്രതി ഷിജിൽ കുളു, മണാലി എന്നിവിടങ്ങവിൽ പോയാണ് ഒളിച്ചത്. അതിനാൽ 20 ലക്ഷത്തോളം രൂപ ചെലവായിപ്പോയി എന്നു പൊലീസ് രേഖപ്പെടുത്തേണ്ടി വരും.

English Summary: Kodakara money robbery case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com