ADVERTISEMENT

ആലപ്പുഴ ∙ അമ്പലപ്പുഴ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു രംഗത്തു സജീവമായിരുന്നില്ലെന്ന ആരോപണം സിപിഎം അന്വേഷണ കമ്മിഷനു മുന്നിൽ ജി.സുധാകരൻ രേഖകൾ സഹിതം പ്രതിരോധിച്ചു. തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിക്ക് മുൻ തിരഞ്ഞെടുപ്പിനെക്കാൾ പതിനായിരത്തോളം വോട്ട് കുറഞ്ഞപ്പോൾ അമ്പലപ്പുഴയിൽ 1700 വോട്ട് മാത്രമാണു കുറഞ്ഞത്. തനിക്കു സ്വാധീനമുള്ള ആലപ്പുഴ നഗരസഭയിലും പുന്നപ്ര ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കമ്മിഷൻ അംഗങ്ങളായ എളമരം കരീമിനെയും കെ.ജെ. തോമസിനെയും ധരിപ്പിച്ചു.

ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ നഗരസഭയിലെ വാർഡുകളിലും സമീപ പഞ്ചായത്തുകളിലും ഉൾപ്പെടെ വലിയ തിരിച്ചടി നേരിട്ടതിനെക്കുറിച്ച് ഇതുവരെ പാർട്ടി അന്വേഷിക്കാത്തതിലെ പ്രതിഷേധം അദ്ദേഹം അറിയിച്ചെന്നും സൂചനയുണ്ട്. സുധാകരനു പിന്നാലെ എച്ച്.സലാം എംഎൽഎയും കമ്മിഷനു മുന്നിലെത്തി. സംസ്ഥാന കമ്മിറ്റിക്കു നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നു അദ്ദേഹം കമ്മിഷനെ അറിയിച്ചെന്നാണു സൂചന. സ്ഥാനാർഥിത്വം പ്രഖ്യാപനത്തിനു പിന്നാലെ തനിക്കെതിരെ എസ്ഡിപിഐ ബന്ധമാരോപിച്ചു പതിച്ച പോസ്റ്ററിനു പിന്നിൽ സുധാകരന്റെ ഓഫിസിനു ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചു.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന കെ.പ്രസാദ് ഉൾപ്പെടെയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്നും അമ്പലപ്പുഴയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നും കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ മാസം 27 നു ജില്ലാ കമ്മിറ്റി യോഗത്തിൽ സുധാകരനെതിരെ സംസാരിച്ച അംഗങ്ങൾ കമ്മിഷനു മുന്നിലും അത് ആവർത്തിച്ചുവെന്നും അറിയുന്നു. തെളിവെടുപ്പ് ഇന്നും തുടരും.

സിപിഎം കമ്മിഷന് മുന്നിൽ ഹാജരാകാനെത്തിയ ജി. സുധാകരൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ. ചിത്രം: മനോരമ
സിപിഎം കമ്മിഷന് മുന്നിൽ ഹാജരാകാനെത്തിയ ജി. സുധാകരൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ. ചിത്രം: മനോരമ

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.രാഘവനും കെ.പ്രസാദും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നൂറനാട് സ്കൂളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഘവനെതിരെയും അമ്പലപ്പുഴ മണ്ഡലത്തിൽ വികസന രേഖ പുറത്തിറക്കാത്തതു സംബന്ധിച്ച് പ്രസാദിനെതിരെയും പാർട്ടിക്കുള്ളിൽ ആരോപണം ഉയർന്നിരുന്നു. 

പുഞ്ചിരിയോടെ സുധാകരൻ

രേഖകളും കണക്കുകളും അടങ്ങിയ വലിയ ഫയലുമായാണ് ജി.സുധാകരൻ രാവിലെ ഒൻപതരയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കെത്തിയത്. കമ്മിഷൻ അംഗങ്ങളുമായി മൂന്നര മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ പുഞ്ചിരിയോടെ പുറത്തിറങ്ങിയ സുധാകരൻ മുന്നിൽ കണ്ടതു തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച എച്ച്.സലാമിനെ. സലാമിനോട് അൽപനേരം സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മടങ്ങി.

English Summary: CPM Commission started probe on Ambalappuzha Election allegations against G. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com