ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചു പാർട്ടിയായ ഐഎൻഎൽ ഇടതു മുന്നണിക്കു വലിയ തലവേദനയാകുന്നു. ഘടകകക്ഷി അംഗത്വവും മന്ത്രിസ്ഥാനവും നൽകി ‘ബഹുമാനിച്ചതിന്’ പിന്നാലെ ഐഎൻഎല്ലിൽ ഉണ്ടായ പിളർപ്പിൽ സിപിഎമ്മിനു കടുത്ത രോഷമാണ്. ഏതു വിഭാഗത്തെ തള്ളണം, കൊള്ളണം എന്നത് അവർ ആലോചിച്ചിട്ടില്ല. രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണു പാർട്ടി ആവശ്യപ്പെടുന്നത്.

പാർട്ടികൾ പിളർന്നാൽ രണ്ടു കൂട്ടരെയും തൽക്കാലത്തേക്കെങ്കിലും മുന്നണിയിൽ നിന്നു പുറത്തു നിർത്തുന്ന രീതി സിപിഎം പിന്തുടരാറുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം എന്ന വിശേഷണം ആർജിക്കുന്നവരെ മുന്നണിയിലേക്കു പരിഗണിച്ചാലായി. കേരള കോൺഗ്രസിലെ പി.സി.തോമസ് വിഭാഗം പിളർന്നപ്പോൾ ഒരു വിഭാഗത്തെ മുന്നണി യോഗത്തിൽ നിന്ന് ഇറക്കിവിട്ട ചരിത്രവുമുണ്ട്. 

ഐഎൻഎല്ലിന്റെ കാര്യത്തിൽ രണ്ടു വിഭാഗങ്ങളെയും എൽഡിഎഫിൽ എടുക്കാൻ ഒരു സാധ്യതയുമില്ല. പാർട്ടിയുടെ ഏക എംഎൽഎയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ആ വിഭാഗത്തിനു മേൽക്കൈ ലഭിച്ചേക്കാം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഇവർക്കാണെന്ന സൂചനയുണ്ട്. പക്ഷേ, പാർട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവർത്തകരും എല്ലാം തങ്ങൾക്കൊപ്പം എന്നാണു രണ്ടു വിഭാഗങ്ങളും അവകാശപ്പെടുന്നത്. മലബാർ മേഖലയിലെ ജില്ലാ ഘടകങ്ങളോടും നേതാക്കളോടും സിപിഎം അഭിപ്രായം തേടിയേക്കും.

ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയും അവരുടെ മന്ത്രിയും എന്ന നിലയിൽ മന്ത്രിസഭയിൽ നിന്നു തിരക്കിട്ട് ഒഴിവാക്കാൻ സാധ്യത കുറവാണ്. എന്നാൽ മന്ത്രിയെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ദുർബലരാണ് എന്നു തെളിയിക്കപ്പെട്ടാൽ കടുത്ത തീരുമാനം എൽഡിഎഫിന് എടുക്കേണ്ടിയും വരും.

ഘടകകക്ഷി അംഗത്വവും മന്ത്രിപദവും കൊടുത്തപ്പോൾ സിപിഎം നേതൃത്വത്തിനു കൊടുത്ത വാക്ക് ഐഎൻഎൽ തെറ്റിച്ചു. മുസ്‌ലിംലീഗിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്താനും ലീഗിലെ കൂടുതൽ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനും എല്ലാ ശ്രമവും നടത്തുമെന്നായിരുന്നു അവർ നൽകിയ ഉറപ്പ്. രണ്ടര വർഷത്തേക്ക് ആണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചതോടെ ഐഎൻഎല്ലിൽ ചേരുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. അതിനിടയിലാണു പാർട്ടിയിലെ ആഭ്യന്തര തർക്കം എല്ലാ സീമകളും ലംഘിച്ചത്. 

തർക്കം രൂപപ്പെട്ടപ്പോൾ ഇരുവിഭാഗങ്ങളെയും എകെജി സെന്ററിലേക്കു സിപിഎം വിളിച്ചു വരുത്തിയിരുന്നു. മുന്നണിയുടെ പ്രതിഛായ കളയാതെ ഐക്യത്തോടെയും അച്ചടക്കത്തോടെയും പോകണമെന്ന താക്കീതു നൽകി വിട്ടയച്ചു. തുടർന്നു യോജിച്ച് മാധ്യമപ്രവർത്തകരെ കണ്ട ഇരു വിഭാഗം നേതാക്കളും പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അവകാശപ്പെട്ടത്.

സ്കറിയാ തോമസിന്റെ നിര്യാണത്തെ തുടർന്ന് എൽഡിഎഫിൽ ഘടകകക്ഷിയായ ആ കേരള കോൺഗ്രസ് വിഭാഗവും പിളർന്നിരുന്നു. മറു കൂട്ടരെ മുന്നണിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗങ്ങളും എൽഡിഎഫിനു കത്തു നൽകിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഐഎൻഎല്ലിലെ പൊട്ടിത്തെറി.

English Summary: CPM unhappy on disputes in INL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com