ചാരക്കേസ്: സിബിഐക്ക് അന്വേഷണം തുടരാം

Supreme Court Of India (Photo by Sajjad HUSSAIN / AFP)
SHARE

ന്യൂഡൽഹി ∙ ഐഎസ്ആർഒ ചാരക്കേസിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ചു സ്വന്തം നിലയിൽ അന്വേഷിച്ചു തെളിവുകൾ കണ്ടെത്താൻ സിബിഐയോടു സുപ്രീം കോടതി നിർദേശിച്ചു. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകാം. ഇതിനു പ്രത്യേക അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി.

ഡി.കെ. ജെയിൻ സമിതി നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ നടപടി എടുക്കാനാകില്ലെന്നും ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെ‍‍ഞ്ച് വ്യക്തമാക്കി. ജെയിൻ സമിതി നൽകിയ റിപ്പോർട്ട് സ്വതന്ത്രമായ അന്വേഷണത്തെ ബാധിക്കാൻ ഇടവരരുത്. കേസിനെക്കുറിച്ചു കോടതിക്കു പ്രാഥമിക ധാരണ കിട്ടുന്നതിനു വേണ്ടിയായിരുന്നു കമ്മിഷൻ. സിബിഐ കേസെടുത്തതോടെ ആ റിപ്പോർട്ട് അപ്രസക്തമായി. 

ജസ്റ്റിസ് ജെയിൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ മുന്നോട്ടുപോകുന്നതെന്നും റിപ്പോർട്ട് ഇതുവരെ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും മുൻ ഡിജിപി സിബി മാത്യൂസിനു വേണ്ടി അമിത് ശർമ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കോടതി. റിപ്പോർട്ട് നൽകാൻ വിസ്സമ്മതിക്കുന്നതു സിബിഐയുടെ മുൻവിധിയോടെയുള്ള മനോഭാവത്തിന്റെ തെളിവാണെന്നും സ്വാഭാവിക നീതി ലഭിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതായും പ്രതികൾ ബോധിപ്പിച്ചു. ജെയിൻ സമിതി നമ്പി നാരായണനെ വിളിപ്പിച്ചെങ്കിലും തന്റെ ഭാഗം കേട്ടില്ലെന്നു സിബി മാത്യൂസ് അറിയിച്ചു. 

കോടതി ഉത്തരവു പ്രകാരമാണ് റിപ്പോർട്ട് രഹസ്യരേഖയായി നൽകിയതെന്നും പ്രഥമവിവര റിപ്പോർട്ടിൽ ജെയിൻ റിപ്പോർട്ടിന്റെ രത്നച്ചുരുക്കമുണ്ടെന്നും സിബിഐ അറിയിച്ചു. കോടതി അനുവദിച്ചാൽ എഫ്ഐആർ പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞെങ്കിലും അതിനു കോടതിയുടെ അനുമതി വേണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

ജയിൻ കമ്മിറ്റി പ്രവർത്തനം അവസാനിപ്പിച്ചു

ന്യൂഡൽഹി ∙ ഐഎസ്‌ആർഒ ചാരക്കേസ് അന്വേഷണത്തിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ഡി.കെ.ജയിൻ കമ്മിറ്റിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും കമ്മിറ്റിയുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നില്ല. ഇതുമൂലം കമ്മിറ്റി അംഗങ്ങളുടെ ആനുകൂല്യം തുടർന്നും കൊടുക്കേണ്ട സ്ഥിതിയുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയെ അറിയിച്ചു. തുടർന്നാണ് കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

2 പേർക്കു മുൻകൂർ ജാമ്യം; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജി മാറ്റി

കൊച്ചി/ തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയും മുൻ സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടറുമായ എസ്.വിജയൻ, രണ്ടാം പ്രതിയും വ‍ഞ്ചിയൂർ സ്റ്റേഷൻ മുൻ എസ്ഐയുമായ തമ്പി എസ്.ദുർഗാദത്ത് എന്നിവർക്കു ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. 

∙ ഇതേ കേസിൽ മുൻ ഡിജിപി സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ഓഗസ്റ്റ് 4 ലേക്ക് മാറ്റി. വാദം പറയാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

∙ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യ തുകയുടെ 2 ആൾ ജാമ്യത്തിലും വിട്ടയയ്ക്കാനുള്ള നിർദേശത്തോടെയാണ് ജസ്റ്റിസ് അശോക് മേനോൻ ആദ്യ 2 പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിച്ചത്. 

∙ കേസിലെ 11–ാം പ്രതി മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഹൈക്കോടതി രണ്ടാഴ്ചത്തേക്കു നീട്ടി.

Content Highlight: ISRO spy case conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA