ADVERTISEMENT

തിരുവനന്തപുരം ∙ ‘എത്ര മൂടിവച്ചാലും ഒരുനാൾ സത്യം പുറത്തുവരും. സർക്കാർ തീരുമാനത്തിന് എതിരായ നിലപാടാണു ഞാൻ കോടതിയിൽ സ്വീകരിച്ച‍ത് എന്നായിരുന്നു ആരോപണം. സത്യവും വസ്തുത‍യുമാണു ചൂണ്ടിക്കാട്ടിയത്. കേസ് പിൻവലിക്കാനാ‍കില്ലെന്ന നിലപാടിന്റെ പേരിൽ ഇടതു സർക്കാർ വേട്ടയാടി. ഉറ്റവരെല്ലാം ഒറ്റപ്പെടുത്തി‍യതോടെ കടുത്ത മാനസിക സംഘർഷത്തി‍ലായ ഞാൻ ചികിത്സ തേടിയിരുന്നു. ഇപ്പോൾ എന്റെ നിലപാട് ശരിയാണെന്നു രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടുമ്പോൾ അങ്ങേയറ്റത്തെ അഭിമാനമുണ്ട്’– നിയമസഭ കയ്യാങ്കളിക്കേസിൽ ഉറച്ച നിലപാടു സ്വീകരിച്ചതിന്റെ പേരിൽ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട, മുൻ ‍‍ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷ‍ൻസ് ബീന സതീഷ് പറയുന്നു.

ഏതു സർക്കാ‍ർ ആയാലും എടുക്കുന്ന നിലപാടു തെറ്റാണെങ്കിൽ അതു തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്കു കഴിയണം. അതു മാത്രമാണു ഞാൻ ചെയ്തത്. സർക്കാരിന്റെ ഭാഗത്തു നിന്നും സിപിഎം അനുകൂലി‍കളായ ചില സഹപ്രവർത്തകരിൽ നിന്നും കടുത്ത എതിർപ്പുകളും ഒറ്റപ്പെടുത്തലു‍കളുമാണ് അന്നു നേരിട്ടത്. എന്റേതു പാർട്ടി കുടുംബമാണ്. പക്ഷേ, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സഹായിച്ചില്ല. 

സിജെഎം കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ കേസ് പിൻവലിക്കണമെന്ന നിർദേശമാണു സർക്കാർ പ്രോസിക്യൂട്ട‍റായിരുന്ന എനിക്കു ലഭിച്ചത്. കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണു ഞാൻ സ്വീകരിച്ചത്. ഇതോടെ എന്നെ മറികടന്നു പുറത്തുനിന്ന് അഭിഭാഷകനെ കൊണ്ടുവന്നു. ഞാനും കെ.രാജഗോപാലൻ നായർ എന്ന ഈ അഭിഭാഷകനും തമ്മിൽ രൂക്ഷമായ വാദമാണു കോടതിയിൽ നടന്നത്. സർക്കാർ വാദം പുറത്തുനിന്നുള്ള അഭിഭാഷ‍കനല്ല പറയേണ്ട‍തെന്ന എന്റെ വാദം അംഗീകരിച്ച കോടതി സർക്കാർ ഹർജി തള്ളി. രാജഗോപാലൻ നായർ എന്നെ പലതവണ ഭീഷണിപ്പെടുത്തി, പദവി തെറിപ്പിക്കു‍മെന്നു പറഞ്ഞു. 

തുടർന്ന് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കി, ആലപ്പുഴയിലേക്കു സ്ഥലം മാറ്റി. വിരമിക്കാൻ 7 മാസം ബാക്കി നിൽക്കുമ്പോഴായിരുന്നു അത്– ബീന പറയുന്നു. 

Content Highlight: Kerala Assembly, Beena Satish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com