ADVERTISEMENT

തിരുവനന്തപുരം ∙ മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെയുള്ള വിധിയിൽ ഇപ്പോൾ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവായിരിക്കുമെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് പി.ടി.തോമസ്. 

മാണിയുടെ പത്നിയെപ്പോലും വിവാദത്തിലേയ്ക്ക് അന്നു സിപിഎം വലിച്ചിഴച്ചു. മാണിക്കു പകരം ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാൽ എതിർക്കില്ലെന്ന് അന്ന് ഒത്തുതീർപ്പുവ്യവസ്ഥ വച്ചവരാണ് സമരം മാണിക്കെതിരെയല്ല, യുഡിഎഫിന് എതിരെയാണെന്ന് സുപ്രീം കോടതിയിൽ പറഞ്ഞത്. ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെ എന്നല്ല ശിവൻകുട്ടി നിയമസഭയിൽ കയറിയതു പോലെ എന്നാണ് നിയമസഭാ അക്രമത്തിനു ശേഷം വന്ന പ്രയോഗം. ശിവൻകുട്ടി ഉറഞ്ഞുതുള്ളുന്ന രംഗം വിക്ടേഴ്സ് ചാനലിൽ പ്രദർശിപ്പിച്ചാൽ കുട്ടികൾക്കു കാണാം. 

ശിവൻകുട്ടി രാജിവച്ചില്ലെങ്കിൽ അദ്ദേഹം മന്ത്രിയായിരിക്കുന്ന കാലത്തെ എല്ലാ കോഴ്സുകളും വിദേശത്തെയും കേരളത്തിനു പുറത്തെയും സർവകലാശാലകൾ നിരസിക്കാൻ സാധ്യതയുണ്ട്. മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ മന്ത്രിയെക്കാൾ വലിയ കുറ്റവാളിയായി ചരിത്രം മുഖ്യമന്ത്രിയെ രേഖപ്പെടുത്തും.

വ്യത്യസ്ത പ്രതിഷേധം

തിരുവനന്തപുരം ∙ നിയമസഭാ അക്രമക്കേസിൽ വ്യത്യസ്ത പ്രതിഷേധ രീതിയുമായി പ്രതിപക്ഷം. ബഹിഷ്കരിക്കുമ്പോൾ സഭ സ്തംഭിപ്പിക്കുന്ന രീതി വേണ്ടെന്നു വച്ചു. പകരം 10 മിനിറ്റ് മുദ്രാവാക്യം വിളിയുമായി അംഗങ്ങൾ എഴുന്നേറ്റു നിന്നു. ബാനർ ഒഴിവാക്കി. പകരം ഇന്നലത്തെ പത്രങ്ങൾ ഉയർത്തിക്കാട്ടി. തുടർന്ന് സഭാ നടപടികൾ ബഹിഷ്കരിക്കുന്നതായി അറിയിച്ച് ഇറങ്ങിപ്പോയി. ആർഎംപി അംഗം കെ.കെ.രമയും പ്രതിഷേധവുമായി ഒപ്പം ഇറങ്ങുകയും  പ്രകടനത്തിലും ധർണയിലും പങ്കെടുക്കുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നത്. 

English Summary: P.T. Thomas against education minister V. Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com