ADVERTISEMENT

തൃശൂർ ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതൻ വിരിച്ച സൗഹൃദവലയിൽ കുരുങ്ങി 3 സ്ത്രീകൾക്കു നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ. യൂറോപ്പിൽ നിന്നു വിലകൂടിയ സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാൻ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തൃശൂർ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഇതിലൊരാൾ ഭൂമി വിറ്റും സ്വർണം പണയംവച്ചും നൽകിയത് 30 ലക്ഷം രൂപ. ഇവർ സിറ്റി സൈബർ സെല്ലിനു പരാതി നൽകിയിട്ടുണ്ട്.

തട്ടിപ്പെങ്ങനെ?

ഫെയ്സ്ബുക്കിൽ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ പ്രൊഫൈൽ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവർക്കു ഫ്രണ്ട്സ് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാർ തിരിച്ചറിഞ്ഞിരിക്കും. ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും. വിശ്വാസം ആർജിച്ച ശേഷം വാട്സാപ് നമ്പർ വാങ്ങി സൗഹൃദം കൂടുതൽ വ്യക്തിപരമാക്കും.

യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടർ, ബിസിനസുകാരൻ, സോഫ്റ്റ്‍വെയർ കമ്പനി മുതലാളി തുടങ്ങിയ പേരുകളിലാകും ഇവർ സ്വയം പരിചയപ്പെടുത്തുക. ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങൾ മനസ്സിലാക്കി യൂറോപ്പിൽ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കും. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിലൊരു ഫോൺവിളി ഇരകളെ തേടിയെത്തും.

‘കസ്റ്റംസ് നികുതി’

‘നിങ്ങളുടെ പേരിലൊരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണ’മെന്നും ‘കസ്റ്റംസ് ഉദ്യോഗസ്ഥ’ ആവശ്യപ്പെടും. ഈ തുക ഇര കൈമാറിക്കഴിയുമ്പോഴാണ് യഥാർഥ തട്ടിപ്പ് മറനീക്കുക. പാഴ്സൽ സ്കാൻ ചെയ്തപ്പോൾ സ്വർണാഭരണങ്ങൾ, ലക്ഷങ്ങൾ വിലയുള്ള വാച്ച്, ഐഫോൺ, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവയ്ക്കു കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ പറഞ്ഞു ധരിപ്പിക്കും. ഇവയ്ക്കു കസ്റ്റംസ് ന‍ികുതി ഇനത്തിൽ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികളോർത്ത് ഇരകൾ എങ്ങനെയും ഈ പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടും. 

English Summary: Three women loses 60 lakh rupees in online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com