ADVERTISEMENT

ആറന്മുള ∙ അമ്മയുടെ അറിവോടെ പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പർ ലോറി ഡ്രൈവറായ ഹരിപ്പാട് പടിപ്പുര വടക്കേതിൽ ഷിബിൻ (32), തിരുവനന്തപുരം വക്കം കടയ്ക്കാവൂർ ഷെമി മൻസിലിൽ ഡോക്ടർ എന്ന് വിളിക്കുന്ന മുഹമ്മദ് ഷിറാസ് (36) എന്നിവരെ ഇന്നലെ രാവിലെ 7 മണിയോടെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഷിറാസിനെ കടയ്ക്കാവൂരിൽനിന്നും ഷിബിനെ ഹരിപ്പാട്ടുനിന്നുമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയാണ് രണ്ടാംപ്രതി. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ സ‍ർക്കാർ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 

28ന് ആണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നത്: കല്യാണം കഴിക്കാമെന്നു പറഞ്ഞ് ഷിബിൻ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഇത് കുട്ടിയുടെ അമ്മയുടെ അറിവോടെ തന്നെയായിരുന്നു. തുടർന്നാണ് 28ന് ഉച്ചയ്ക്ക് ഷിബിനും മുഹമ്മദ് ഷിറാസും കൂടി ബൈക്കിൽ എത്തി കുട്ടിയെ വീട്ടിൽ നിന്ന് ഷിബിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്. കുട്ടിയെ ഷിബിന്റെ അമ്മയെയും അച്ഛനെയും കാണിക്കാൻ വേണ്ടിയെന്നു പറഞ്ഞാണു കൂട്ടിക്കൊണ്ടു പോയത്. ഷിബിന്റെ വീട്ടിൽവച്ച് ഒന്നിലധികം തവണ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് മുഹമ്മദ് ഷിറാസ് കുട്ടിയെ തന്റെ കടയ്ക്കാവൂരെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു. അന്ന് വൈകിട്ടു തന്നെ കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രണ്ടാനച്ഛൻ‍ പൊലീസിൽ പരാതി നൽകിയിരുന്നു. 29ന് ഇവർ കുട്ടിയെ തിരികെ ചെങ്ങന്നൂരിൽ എത്തിച്ച് ബസിൽ കയറ്റി വീട്ടിലേക്ക് വിടുകയായിരുന്നു.   

29ന് പെൺകുട്ടി വീട്ടിൽ എത്തിയ വിവരം സമീപവാസികൾ പഞ്ചായത്ത് അംഗത്തെ അറിയിച്ചു. പഞ്ചായത്ത് അംഗം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കുകയും കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണു പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു. ഷിബിൻ പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക്  പെൺവാണിഭത്തിനായി വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയി.  കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.

ആറന്മുള എസ്എച്ച്ഒ പി.എം. ലിബു, എസ്ഐ എസ്.എസ്. രാജീവ്, സിപിഒമാരായ രാകേഷ്, ജോബിൻ, രാജേഷ്, രാജൻ എന്നിവരടങ്ങിയ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട ∙ ആറന്മുളയിൽ പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ശിശു സംരക്ഷണ സ്ഥാപനത്തിൽ പെൺകുട്ടിയെ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പെൺകുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയത്.

ഇനിയും പഠിക്കാൻ താൽപര്യമുണ്ടെന്ന് കുട്ടി മന്ത്രിയെ അറിയിച്ചു. കുട്ടിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും പ്രത്യേക കൗൺസലിങ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. വീട്ടിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്നും സംരക്ഷണ കേന്ദ്രത്തിൽ താൻ സന്തോഷവതിയാണെന്നും കുട്ടി മന്ത്രിയെ അറിയിച്ചു. തന്റെ 11 വയസ്സുള്ള അനുജന്റെ കാര്യം പെൺകുട്ടി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. അന്വേഷണം നടത്തി കാര്യങ്ങൾ തീരുമാനിക്കാമെന്ന് മന്ത്രി അറിയിച്ചു.

ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ശിശു സംരക്ഷണ സ്ഥാപനത്തിൽ നാരങ്ങാനത്ത് ഒറ്റയ്‌ക്കു വീട്ടിൽ താമസിച്ചിരുന്ന മറ്റൊരു പെൺകുട്ടിയും ഉണ്ട്. താൻ ഇടപെട്ട് ഇവിടേക്കു മാറ്റിയ ഈ കുട്ടിയെയും മന്ത്രി സന്ദർശിച്ചു.

English Summary: Two more people arrested for raping 13 year old in Aranmula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com