ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികൾക്കായി ക്രൈം ബ്രാ‍ഞ്ച് തിരച്ചിൽ നോട്ടിസ് പുറത്തിറക്കാൻ സാധ്യത. സിപിഎം ഭാരവാഹികളായ

6 പ്രതികളിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിനു കഴിയാത്തതിൽ പ്രതിഷേധം വ്യാപകമായതോടെയാണ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കാൻ നീക്കം നടക്കുന്നത്. ഇന്നോ നാളെയോ തീരുമാനം വന്നേക്കും. ഒന്നാം പ്രതിയും ബാങ്ക് മുൻ മാനേജരുമായ ടി.ആർ. സുനിൽ കുമാർ ഉൾപ്പെടെ ഏതാനും പ്രതികൾ മൂന്നാഴ്ച മുൻപു വരെ സ്ഥലത്തുണ്ടായിരുന്നെങ്കിലും പൊടുന്നനെ അപ്രത്യക്ഷമായത് എവിടേക്കെന്നു കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല. ഇവർ കസ്റ്റഡിയിലില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്യുന്നു.

അറസ്റ്റ് പരമാവധി വൈകിക്കാൻ ഉന്നതതലത്തിൽ സമ്മർദം ശക്തമാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതു പ്രതികൾക്കു മുൻകൂർ ജാമ്യം തേടാനുള്ള സൗകര്യം ഒരുക്കാനാണെന്നും ആക്ഷേപമുണ്ടായിരുന്നു. 

എന്നാൽ, മുൻകൂർ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്നു നിയമോപദേശം ലഭിച്ചതോടെ പ്രതികൾ ശ്രമം ഉപേക്ഷിച്ചു. എന്നിട്ടും ഇവര‍ിലാരെയും കണ്ടെത്താനായിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു ക്രൈം ബ്രാഞ്ച്. തിരച്ചിൽ നോട്ടിസ് പുറത്തിറക്കുമെന്നു സൂചനയുണ്ടെങ്കിലും ഇതിനുള്ള നടപടികൾ എവിടെയെത്തിയെന്നതിൽ വ്യക്തതയില്ല.

∙ ‘കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളെ സിപിഎം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് അവരുടെ അറസ്റ്റ് നടക്കാത്തത്. ക്രിമിനൽ കേസുകളിലെ പ്രതികളെ ഭയപ്പെടുന്നതുപോലെ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളെയും സിപിഎം ഭയക്കുന്നു.  സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസാണിത്. പൊലീസ് അന്വേഷണത്തിനു വിശ്വാസ്യതയില്ല. സിപിഎമ്മിനു പേടിയില്ലെങ്കിൽ സിബിഐ അന്വേഷണത്തിനു വിടണം.’ – വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

Content Highlight: Karuvannur Bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com