ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബി ഫണ്ട് നൽകുന്ന ഉപരിതല ഗതാഗത പ്രവൃത്തികൾ മരാമത്ത് വകുപ്പിന്റെ റോഡ് – പാലം വിഭാഗത്തിൽ നിന്ന് മാറ്റിയതിന് പിന്നാലെ 2465 കോടി രൂപ‍യുടെ പദ്ധതികൾ കൺസൽറ്റൻസി കമ്പനിയെ ഏൽ‍പ്പിച്ചു. 32 പാലങ്ങളും 27 റോഡുകളും ആണ് ഇന്ത്യൻ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള പൊതുമേഖല കൺസൽറ്റൻസി കമ്പനിയായ റൈറ്റ്‍സിനെ മേൽനോട്ടത്തിനായി ഏൽ‍പ്പിച്ചത്. 

എസ്റ്റിമേറ്റ് തുക‍യ‍ുടെ 2.45% ആണ് കൺസൽറ്റൻസി ഫീസ്. 2645 കോടി രൂപയുടെ പദ്ധതികൾക്കു 72.74 കോടി രൂപ ഫീസിനത്തിൽ കൺസൽറ്റൻസിക്ക് കൈമാറണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് (കെആർ‍എഫ്ബി), റൈറ്റ്സ് എന്നിവ കരാറിൽ ഏർപ്പെട്ടത്. ഇതുപ്രകാരം കിഫ്ബിയുടെ സ്പെ‍ഷ‍ൽ പർപ്പസ് വെഹിക്കിൾ ആയ കെആർ‍എഫ്ബി ശുപാർശ ചെയ്യുന്നത് അനുസരിച്ച് ഓരോ ഘട്ടത്തിലും കിഫ്ബി കൺസൽറ്റൻസി കമ്പനിക്ക് ഫീസ് കൈമാറണം. നിർമാണത്തിനു മുൻപ് 20% നൽകണം. നിർമാണ ഘട്ടത്തിൽ ബാക്കി 80% ആണ് നൽകേണ്ടത്. ഇപ്പോൾ കൺസൽറ്റൻസി കമ്പനിക്ക് കൈമാറിയ 32 പാലം പദ്ധതികളിൽ ആറെണ്ണം നിർമാണം തുടങ്ങിയവയാണ്.

250 കോടിയാണ് ഇവയുടെ ആകെ എസ്റ്റിമേറ്റ് തുക. നിർമാണം തുടങ്ങിയവയുടെ ആദ്യഘട്ട ഫീസ് കമ്പനിക്ക് നൽകുമോ എന്നു വ്യക്തമല്ല. പദ്ധതി നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സഹായവും മാർഗനിർദേശവും മേൽനോട്ടവും നൽകുകയാണ് കൺസൽ‍റ്റൻ‌സിയുടെ ഉത്തരവാദിത്തം. 

എന്നാൽ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന കരാറുകാർ കെആർഎഫ്ബിയുമായി വച്ചിരിക്കുന്ന കരാറിൽ ഇങ്ങനെയൊരു കൺസൽറ്റൻസിയുടെ കാര്യം പരാമർശിക്കുന്നി‍ല്ല. ഇത് ഏതെങ്കിലും ഘട്ടത്തിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമോ എന്നതും വ്യക്തമല്ല. മരാമത്ത് വകുപ്പിന്റെ റോഡ്, പാലം വിഭാഗങ്ങൾ ചെയ്തു പോന്ന കിഫ്ബി പ്രവൃത്തികൾ ഒരു മാസം മുൻപാണ് കെആർ‍എഫ്ബി യുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന് കൈമാറിയത്.

Content Highlight:  KIIFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com