ചെലവ് കൂടുന്നു; മെട്രോയുടെ പ്രോജക്ട് എസ്റ്റിമേറ്റ് 7,700 കോടിയായി

Mail This Article
കൊച്ചി ∙ കൊച്ചി മെട്രോയുടെ പ്രോജക്ട് എസ്റ്റിമേറ്റ് 7,700 കോടി രൂപയിലെത്തി. 5181.79 കോടി രൂപ എസ്റ്റിമേറ്റിൽ അനുമതി ലഭിച്ച മെട്രോയുടെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായ ശേഷവും ചെലവ് അനിയന്ത്രിതമായി വർധിക്കുന്നതു സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നു. കേന്ദ്ര ബജറ്റിനു മുന്നോടിയായി കെഎംആർഎൽ സമർപ്പിച്ച രേഖയിലാണു 7700 കോടി രൂപയുടെ കണക്ക്. ഈ വിവരം പക്ഷേ, പുറത്തുവിട്ടിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 20% വീതം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും കൊച്ചി മെട്രോയുടെ നടത്തിപ്പും കടവും അധികച്ചെലവുമെല്ലാം സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്.
കൊച്ചി മെട്രോ നിർമാണ കാലത്തൊന്നും എസ്റ്റിമേറ്റ് പുതുക്കിയില്ല. വിദഗ്ധമായ ടെൻഡറിങ്ങിലൂടെ എസ്റ്റിമേറ്റ് തുകയേക്കാൾ 300 കോടി രൂപ കുറച്ചേ ചെലവിട്ടുള്ളു എന്നായിരുന്നു അന്നു പറഞ്ഞത്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായി എസ്എൻ ജംക്‌ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ മെട്രോ ഇൗ പണം കൊണ്ടു നിർമിക്കാമെന്നു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇതിനു വിരുദ്ധമായാണു സംഭവിച്ചത്. 2016–17 സാമ്പത്തിക വർഷം 11.5 കോടി രൂപയും അടുത്തവർഷം 167.33 കോടി രൂപയും 18–19 ൽ 281.23 കോടി രൂപയുമാണു മെട്രോയുടെ നഷ്ടം. 19–20 ൽ 310.02 കോടി നഷ്ടത്തിലെത്തി. ഇപ്പോഴതു 360 കോടി രൂപയിലെത്തിയെന്നാണു ലഭ്യമായ വിവരം.
English Summary: Hike in Kochi metro estimate