ADVERTISEMENT

കായംകുളം∙ ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ കുലപതി ശങ്കറിന്റെയും ആ കാലത്തിന്റയും ഓര്‍മ്മകള്‍ രാജ്യത്തിനും കലയ്ക്കും സമൂഹത്തിനും എല്ലാ കാലത്തും മാർഗദര്‍ശനമേകുമെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു. ''കായംകുളത്ത് ജനിച്ച് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ആചാര്യനായി വളര്‍ന്നയാളാണ് ശങ്കര്‍. അദ്ദേഹത്തിന്റെ ബ്രഷിന്റെ വരയില്‍ തെളിയുന്നത് അഭിമാനമായി പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള വലിയ നേതാക്കള്‍ കരുതിയിരുന്നു'' – സച്ചിദാനന്ദന്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനമായ ജൂലൈ 31ന് കായംകുളം ശങ്കര്‍ മ്യൂസിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ''കേരളം കാര്‍ട്ടൂണിസ്റ്റുകളുടെ മാതൃഭൂമിയാണെന്ന് പറയാം. ശങ്കേഴ്‌സ് വീക്കിലിയിലൂടെയാണ് രാജ്യത്ത് രണ്ട് തലമുറയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഉയര്‍ന്നു വന്നത്. കുട്ടിക്കാലം മുതലേ ശങ്കേഴ്‌സ് വീക്കിലിയുടെ ഒരു വായനക്കാരനായിരുന്നു ഞാനും.'' സച്ചിദാനന്ദന്‍ ഓര്‍മ്മിച്ചു. കേരളത്തിനു പുറത്ത് ജീവിക്കുന്ന മലയാളികള്‍ കേരളത്തിലെ കലയ്ക്കും സംസ്‌കാരത്തിനും നല്‍കിയ അഗണ്യമായ സംഭാവനകള്‍ ഇനിയും ആദരിക്കപ്പെട്ടിട്ടില്ല. എഴുത്തുകാരെ ആഘോഷിക്കാറുണ്ട്. പക്ഷേ മറ്റു മേഖലകളില്‍ മറിച്ചാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറെ കുറിച്ചുള്ള ജീവചരിത്രം ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 

കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച്  നടത്തിയ അനുസ്മരണ പരിപാടി ശങ്കറിന്റെ എഴുത്തുമേശയ്ക്ക് മുന്നിലെ അദ്ദേഹത്തിന്റെ ഛായാച്ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്നു നടന്ന അനുസ്മരണ ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ നിർവഹിച്ചു. ചടങ്ങില്‍ ശങ്കറിന്റെ ജീവചരിത്രകാരനായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് മുഖ്യപ്രഭാഷണം നടത്തി. കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ് ആശംസ അര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍ സ്വാഗതവും കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലന്‍ കൃതജ്ഞതയും പറഞ്ഞു.

English Summary : Remembering cartoonist Sankar on his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com