ADVERTISEMENT

ശാസ്താംകോട്ട (കൊല്ലം) ∙ ഫാത്തിമബീവിക്കും മകൻ സജാദിനുമിടയിലെ നാലരപ്പതിറ്റാണ്ടിന്റെ വിരഹവേദന ഇന്നലെ പടനിലത്ത് തെക്കതിൽ വീടിന്റെ മുറ്റത്തു കണ്ണീരായി അലിഞ്ഞുവീണു. 1976ലെ ഒരു ഉച്ച നേരത്ത് യാത്രപറഞ്ഞ് ഇറങ്ങിപ്പോയ ഇരുപത്തിനാലുകാരൻ സജാദ് തന്റെ കണ്ണടയും മുൻപു തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണു ഫാത്തിമബീവി ഓരോ രാവും കഴിച്ചുകൂട്ടിയത്.

അന്നു സജാദ് ഇറങ്ങിപ്പോയ  കുടുംബവീടിന്റെ മുറ്റത്ത് ഇന്നലെയും വഴിക്കണ്ണുമായി അവർ കാത്തിരിക്കുകയായിരുന്നു. സന്ധ്യയോടെ സജാദ് തങ്ങൾ കാരാളിമുക്കിൽ എത്തുമ്പോൾ സ്നേഹവാത്സല്യങ്ങളോടെ നാടൊന്നാകെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ വീട്ടുമുറ്റത്ത് എത്തിയ സജാദ് ഉമ്മയെ കണ്ടതോടെ വികാരാധീനനായി. വാരിപ്പുണർന്നു കണ്ണീരോടെ തോളിലേക്കു വീണ സജാദ് ഇത്രനാളും വീട്ടിലേക്കു വരാതിരുന്നതിന് പലതവണ മാപ്പ് ചോദിച്ചു. 

19–ാം വയസ്സിലാണു സജാദ് ജോലി തേടി ആദ്യമായി ദുബായിലേക്കു പോയത്. രാജ്യത്തെ വിവിധ മേഖലകളിലെ കലാകാരന്മാരെ വിദേശത്ത് എത്തിച്ചു സ്റ്റേജ് ഷോകൾ നടത്തിയാണ് ജീവിതമാർഗം കണ്ടെത്തിയിരുന്നത്.

ഒരിക്കൽ, ചലച്ചിത്രതാരം റാണി ചന്ദ്ര ഉൾപ്പെടെയുള്ളവരുമായി  ഗൾഫിലെ സ്റ്റേജ് ഷോ കഴിഞ്ഞു, മുംബൈയിൽ നിന്നു മദ്രാസിലേക്കു വന്ന വിമാനം അപകടത്തിൽപ്പെട്ട് 95 പേർ മരിച്ചിരുന്നു. ആ അപകടത്തിൽ സജാദും മരിച്ചെന്നാണു എല്ലാവരും കരുതിയത്. എന്നാൽ 3 മാസത്തിനു ശേഷം ഉമ്മയെ തേടി സജാദിന്റെ കത്ത് വന്നു. താൻ നാട്ടിലേക്കു വരുന്നു എന്നാണ് എഴുതിയിരുന്നത്. 45 വർഷം കാത്തിരുന്നിട്ടും സജാദ് വന്നില്ല. രണ്ടാഴ്ച മുൻപാണു മുംബൈ പനവേൽ സീൽ ആശ്രമം അധികൃതർ വീട്ടിൽ എത്തിയത്. തുടർന്നു സഹോദരങ്ങൾ മുംബൈയിൽ എത്തി സജാദിനെ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു.

Content Highlight: Sajad Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com