കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സമരം ചെയ്ത മുൻ ബ്രാഞ്ച് സെക്രട്ടറി പാർട്ടിക്ക് പുറത്ത്

Sujesh
ജൂൺ 14ന് സുജേഷ് കണ്ണാട്ട് കരുവന്നൂർ സഹകരണ ബാങ്ക് ശാഖയ്ക്കു മുന്നിൽ നടത്തിയ ഒറ്റയാൾ സമരം.
SHARE

തൃശൂർ ∙ പാർട്ടിക്കുള്ളിലെ എതിർപ്പ് അവഗണിച്ച് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഒറ്റയാൾ സമരം നടത്തിയ മുൻ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. മാടായിക്കോണം സ്കൂൾ ബ്രാഞ്ച് കമ്മിറ്റിയംഗവും മുൻ സെക്രട്ടറിയുമായ സുജേഷ് കണ്ണാട്ടിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നു പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കിയത്. വിശദീകരണം പോലും തേടേണ്ടതില്ലെന്ന തീരുമാനത്തോടെയാണു നടപടി. പാർട്ടി നടപടി നിരാശാജനകമാണെന്നു സുജേഷ് പ്രതികരിച്ചു.

സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ നടക്കുന്നു എന്ന വിവരം 5 വർഷം മുൻപേ സുജേഷ്  ഏരിയ, ജില്ലാ കമ്മിറ്റികളെ അറിയിച്ചിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നൽകി. പാർട്ടി ഭരിക്കുന്ന ബാങ്കിനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ പരാതിയുമായി ഇറങ്ങിയതു നേതാക്കളുടെ അപ്രീതിക്കു കാരണമായി. പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെ സുജേഷിനു വധഭീഷണികളുമുണ്ടായി.

അപ്പോഴും പാർട്ടി പ്രവർത്തനം സുജേഷ് മുടക്കിയില്ല. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം കമ്മിറ്റി അംഗമായി പ്രവർത്തനം തുടർന്നു. ആർആർടി അംഗം എന്ന നിലയിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓടിനടന്നു. കൂലിപ്പണിക്കാരും നിർധനരും അടക്കമുള്ളവരുടെ ബുദ്ധിമുട്ടു കണ്ടു ജൂൺ 14ന് ബാങ്കിനു മുന്നിലെ റോഡിൽ ഒറ്റയ്ക്കു കുത്തിയിരുന്നു സമരം നടത്തിയതോടെയാണു പ്രതിഷേധ പരമ്പരയ്ക്കു തുടക്കമായത്. 

എന്നാൽ, അഴിമതിയെപ്പറ്റി താൻ പരാതി നൽകിയ സമയത്തു തന്നെ പാർട്ടി നടപടിയെടുത്തിരുന്നെങ്കിൽ ഇത്രമാത്രം നാണക്കേടുണ്ടാക്കുമായിരുന്നില്ലെന്നു സുജേഷ് പറയുന്നു. ബാങ്കിന്റെ മുൻ പ്രസിഡന്റും മാടായിക്കോണം ബ്രാഞ്ച് അംഗവുമായിരുന്ന കെ.കെ.ദിവാകരനെ നേരത്തെ ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളുടേയും ഡിവൈഎഫ്ഐ നേതാക്കൾ അടക്കമുള്ളവരുടെയും പേരിൽ ബാങ്കിലുള്ള ബെനാമി വായ്പകളെപ്പറ്റി സുജേഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് നടപടി വേഗത്തിലാക്കിയെന്നാണു സൂചന.

English Summary: CPM former branch secretary dismissed from party for protesting against Karuvannur bank scam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA