ADVERTISEMENT

കെ.ബി.ഗണേഷ്കുമാർ എഴുന്നേറ്റാൽ നാടകീയമോ സിനിമാ രംഗങ്ങളെ വെല്ലുന്നതോ ആയ എന്തെങ്കിലും നിയമസഭയിൽ സംഭവിച്ചേ തീരൂ. നായകനും വില്ലനും പോലെ രണ്ടു മന്ത്രിമാരെത്തന്നെ നേർക്കുനേർ നിർത്തിക്കളഞ്ഞു ഇത്തവണ ഗണേഷ്. സിപിഎമ്മിന്റെ മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും സിപിഐയുടെ റവന്യു മന്ത്രി കെ.രാജനും ഒരു കോർക്കലിന്റെ വക്കത്തെത്തി. മന്ത്രിമാരുടെ ഉരസൽ അസാധാരണമാണ് എന്നതിനാൽ പെട്ടെന്നു സംയമനം പാലിച്ച് ഒന്നും സംഭവിക്കാത്ത പോലെ ഇരുവരും അഭിനയിച്ചു; അങ്ങനെ ഗണേഷിനെ കടത്തിവെട്ടി.

കിഫ്ബി വഴിയുള്ള റോഡ് നിർമാണ തടസ്സങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചപ്പോൾ സർവേയർമാരുടെ ദൗർലഭ്യത്തെ ഗണേഷ് വിമർശിച്ചു. കിഫ്ബിക്കു സർവേയർമാരെ ലഭിച്ചേ തീരൂ എന്നായി മന്ത്രി റിയാസ്. റവന്യുവിൽ ആവശ്യത്തിനു സർവേയർമാരില്ല, മറ്റൊരു സംവിധാനം വേണ്ടിവരുമെന്ന സൂചന നൽകിയതോടെ കെ.രാജൻ എഴുന്നേറ്റു.

‘‘പറഞ്ഞു തീരുന്നതിനു മുൻപ് ഇടപെടാനാണ്’’–രാജന്റെ ആമുഖത്തിൽ ഉദ്ദേശ്യം വ്യക്തമായിരുന്നു. തന്റെ വകുപ്പിലെ കാര്യം റിയാസ് പറഞ്ഞു പോകേണ്ട. സർവേ വകുപ്പു തന്നെ സർവേ നടത്തും. സ്വതന്ത്ര സർവേക്ക് ആരെയും അനുവദിക്കില്ല– മന്ത്രി നയം വ്യക്തമാക്കി. റിയാസ് ഒട്ടും കുറച്ചില്ല. ‘‘ മന്ത്രി മനസ്സിലാക്കിയതിന്റെ കുഴപ്പമാണ്. ഞാൻ പറഞ്ഞതു വളരെ വ്യക്തമാണ്. റവന്യു വകുപ്പു തന്നെ തീരുമാനം എടുക്കണമെന്നു ശക്തമായി പറയുകയാണ്’’. അപകടം മണത്ത പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ ഉടൻ തിരിഞ്ഞു നോക്കി ഇടപെട്ടു. അടുത്ത വിഷയത്തിലേക്കു കടക്കൂ എന്ന ആംഗ്യം റിയാസ് അനുസരിച്ചു.

ഗതാഗതക്കുരുക്കുകൾ വിവരിക്കുമ്പോൾ ഗണേഷ് സഭയെ വേദനിപ്പിച്ചു. ഹൃദ്രോഗ ബാധ മൂലം ആശുപത്രിയിലായ അമ്മയെ കാണാൻ പാഞ്ഞ അദ്ദേഹം 20 മിനിറ്റിലേറെ ഗതാഗതക്കുരുക്കിൽ പെട്ടു. ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ അഞ്ചു മിനിറ്റ് മുൻപ് അമ്മ പോയിരുന്നു– വേദനയോടെ ഗണേഷ് പറഞ്ഞു.

അനൗദ്യോഗിക ബില്ലുകളുടെ പ്രവാഹം തന്നെ സഭയിൽ ഉണ്ടായി. നിയമസഭയിലേക്കു തങ്ങളെ എത്തിച്ച പ്രചാരണ വാഹനങ്ങളിലെ ശബ്ദത്തിന്റെ ഉടമകൾക്കായി ബി‍ൽ കൊണ്ടുവന്നത് ടി.ജെ.വിനോദാണ്. ‘കേരള ഉച്ചഭാഷിണി വെളിച്ച സംവിധാന തൊഴിലാളി ക്ഷേമനിധി ബില്ലു’മായി വിനോദും ‘അക്ഷയ സംരംഭക ക്ഷേമനിധി ബില്ലു’മായി എൻ.ഷംസുദീനും വന്നപ്പോ‍ൾ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ തന്നെ ഈ വിഭാഗങ്ങൾക്കു വക ഉണ്ടെന്നാണ് മന്ത്രി സജി ചെറിയാൻ കണ്ടെത്തിയത്. സർവകലാശാലകൾ വരെ പലത് ആരംഭിക്കുന്ന ഇക്കാലത്ത് ഏതു പുതിയ തൊഴിൽ മേഖലയെപ്പറ്റി പറഞ്ഞാലും 1960 ലെ നിയമത്തിൽ ചാരരുതെന്ന ഷംസുദ്ദീന്റെ വാദത്തോടു മനസ്സു കൊണ്ടു മന്ത്രിയും യോജിച്ചേക്കാം. പക്ഷേ തൊഴിൽ മന്ത്രിയുടെ അസാന്നിധ്യത്തിൽ സ്വകാര്യ ബില്ലുകളുടെ ആരാച്ചാർ വേഷം കെട്ടാനായിരുന്നു സജി ചെറിയാന് ഇന്നലെയും വിധി.

മിശ്രവിവാഹിതരുടെ സംരക്ഷണാർഥം ബിൽ അവതരിപ്പിച്ച എം.രാജഗോപാലനും മറുപടി നൽകിയ മന്ത്രി ആർ.ബിന്ദുവും ഒപ്പത്തിനൊപ്പം നിന്നു. ‘മതനിരപേക്ഷ സൃഷ്ടിയുടെ പ്രയോഗവൽക്കരണമാണ് മിശ്രവിവാഹം’ എന്നു രാജഗോപാലൻ. 21–ാം നൂറ്റാണ്ടിന്റെ ഉത്തരാധുനിക കാലത്തും ചാതുർവർണ്യം കൊണ്ടു നടക്കുന്ന ആന്തരിക ഘടനയാണു പലർക്കും’ എന്നു മന്ത്രി. പി.വി.ശ്രീനിജൻ നൂതന ഗ്രേസ് മാർക്ക് ആശയം ചോദ്യോത്തര വേളയിൽ മുന്നോട്ടുവച്ചു. അഞ്ചാം ക്ലാസിൽ തൈ നട്ട് പത്താം ക്ലാസ് വരെ സംരക്ഷിക്കുന്നവർക്കു ഗ്രേസ് മാർക്ക് നൽകാനുള്ള നിർദേശത്തെ മന്ത്രി എ.കെ.ശശീന്ദ്രൻ നിരസിച്ചില്ല.

വാക്സീൻ രേഖ വച്ചുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ പ്രതിഷേധിച്ചു രണ്ടാം ദിവസവും പ്രതിപക്ഷം ഇറങ്ങിപ്പോയി. പിഴകൾ കൂട്ടുന്ന കേരളം ‘ഫൈൻ സ്റ്റേറ്റ്’ ആയി അറിയപ്പെടുമെന്നു തലേന്നു പരിഹസിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നല്ല മലയാള പരിഭാഷ കണ്ടെത്തി: ‘പെറ്റി സർക്കാർ’.

ഇന്നത്തെ വാചകം

‘കംപ്യൂട്ടർ ജാതകത്തിന്റെയും ഓൺലൈൻ പൂജകളുടെയും ഈ കാലത്ത് അറിവും അന്ധവിശ്വാസ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്.’ – കെ.ഡി.പ്രസേനൻ

Content Highlight: Kerala Assembly, Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com