ADVERTISEMENT

തിരുവനന്തപുരം∙ ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന നിയമസഭയിലെ മറുപടി തിരുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ഉത്തരം തയാറാക്കിയതിലെ വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണവും തുടങ്ങി. ഇത്രയേറെ അക്രമസംഭവങ്ങൾ ഡോക്ടർമാർക്കെതിരെ ഉണ്ടായിട്ടും ജാഗ്രതയില്ലാതെ മന്ത്രി മറുപടി നൽകിയതിനെ വിമർശിച്ച് ഐഎംഎ രംഗത്തെത്തി. 

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ചു നാലിനു നിയമസഭയിൽ മാത്യു കുഴൽനാടന്റെ ചോദ്യത്തിനു നൽകിയ മറുപടിയാണ് മന്ത്രിയെ വെട്ടിലാക്കിയത്. അക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല എന്നായിരുന്നു ലഭ്യമാക്കിയ മറുപടി. ഉത്തരം വിവാദമായതോടെ സെ‌ക്‌ഷനുകൾക്കിടയിലെ ആശയക്കുഴപ്പമാണു കാരണമെന്നു മന്ത്രി വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്  അക്രമങ്ങൾ  ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന തിരുത്തിയ മറുപടി ഇന്നലെ  സഭയിൽ മന്ത്രി വച്ചത്.  ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്.

മന്ത്രിക്ക് ഉദ്യോഗസ്ഥർ തെറ്റായി എഴുതിക്കൊടുത്താൽ അതങ്ങനെ തന്നെ വായിക്കുകയല്ല ചെയ്യേണ്ടതെന്ന് ഐഎംഎ വിമർശിച്ചു. അടുത്തിടെ ഇത്രയേറെ അക്രമങ്ങൾ ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്നതു കേരളം മുഴുവൻ ശ്രദ്ധിച്ചതാണ്. 

അങ്ങനെയൊരു കാര്യത്തിൽ മറുപടി പറയുമ്പോൾ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.പി.ടി.സഖറിയാസ് പറഞ്ഞു. തെറ്റായ ഉത്തരം തിരുത്തിയ മന്ത്രിയുടെ നിലപാട് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 11നു സി.ആർ.മഹേഷിനു നൽകിയ തെറ്റായ ഉത്തരം മുഖ്യമന്ത്രി പിണറായി വിജയനും തിരുത്തി. എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കംപ്യൂട്ടർ അസിസ്റ്റന്റ് എന്നു മാറ്റുന്നതു സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിനു നൈറ്റ് വാച്ച്മാന്റെ തസ്തികയെക്കുറിച്ചുള്ള ഉത്തരമാണു മുഖ്യമന്ത്രി നൽകിയിരുന്നത്. ഇതു തിരുത്തി പരിഗണനയിൽ ഇല്ല എന്ന മറുപടി ഇന്നലെ സഭയിൽ വച്ചു. 

ഒരേ ചോദ്യത്തിനു രണ്ടു കണക്കുകൾ

തിരുവനന്തപുരം∙ ഒരേ ചോദ്യത്തിനു രണ്ടു കണക്കുകൾ നൽകി മന്ത്രിമാർ. സംസ്ഥാനത്ത് എത്ര ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നു കഴിഞ്ഞ 11നു നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിമാരായ എം.വി.ഗോവിന്ദനും ജി.ആർ.അനിലും വ്യത്യസ്ത മറുപടികൾ നൽകിയത്. 1145 ജനകീയ ഹോട്ടലുണ്ടെന്ന് എം.വി.ഗോവിന്ദൻ മറുപടി നൽകിയപ്പോൾ, 754 ഹോട്ടൽ എന്നായിരുന്നു ജി.ആർ.അനിലിന്റെ മറുപടി. 

ടി.പി.രാമകൃഷ്ണനു സഭയിൽ നേരിട്ടു മന്ത്രി എം.വി.ഗോവിന്ദൻ നൽകിയ മറുപടിയിൽ, ആകെ 1145 ജനകീയ ഹോട്ടലുണ്ടെന്നും പഞ്ചായത്തുകളിൽ 956 എണ്ണവും നഗരസഭകളിൽ 189 എണ്ണവും പ്രവർത്തിക്കുന്നുണ്ടന്നുമാണു പറഞ്ഞത്. എന്നാൽ മന്ത്രി ജി.ആർ.അനിൽ സുജിത് വിജയൻപിള്ളയുടെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യത്തിന് അന്നുതന്നെ ലഭ്യമാക്കിയ മറുപടിയിൽ ജനകീയ ഹോട്ടലിന്റെ എണ്ണം 754 ആയി.

English Summary: Minister Veena George corrects statement regarding attack on doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com